മകന്റെ ആത്മഹത്യക്ക് ഉത്തരവാദി മുസ്ലിം ലീഗെന്ന് രതീഷിന്റെ അമ്മ
|മകന്റെ ആത്മഹത്യക്ക് ഉത്തരവാദികളായ ലീഗ് പ്രവർത്തകർക്ക് എതിരെ നടപടി വേണമെന്ന് കാണിച്ച് രതീഷിന്റെ അമ്മ പത്മിനി കൂലോത്ത് ഡിജിപിക്ക് പരാതി നൽകി
മകന്റെ ആത്മഹത്യക്ക് ഉത്തരവാദി മുസ്ലിം ലീഗെന്ന് രതീഷിന്റെ അമ്മ. ലീഗ് ഗൂഢാലോചന നടത്തിയാണ് മകനെ പ്രതി ചേർത്തത്. തെരഞ്ഞെടുപ്പ് ദിവസം ലീഗുകാർ മർദ്ദിച്ചതായി മകൻ പറഞ്ഞിരുന്നു. മകന്റെ ആത്മഹത്യക്ക് ഉത്തരവാദികളായ ലീഗ് പ്രവർത്തകർക്ക് എതിരെ നടപടി വേണമെന്നും രതീഷിന്റെ അമ്മ പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് രതീഷിന്റെ അമ്മ പത്മിനി കൂലോത്ത് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
അതിനിടെ മൻസൂർ വധക്കേസിലെ പ്രതി രതീഷിനൊപ്പം മറ്റൊരു പ്രതി ശ്രീരാഗുള്പ്പെടെ രണ്ടു പേർ താമസിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. പ്രതികള്‍ തമ്മില്‍ തർക്കമുണ്ടായതായും പൊലീസ് സംശയിക്കുന്നു. രതീഷിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീരാഗ് രതീഷിനൊപ്പം ഉണ്ടായിരുന്നെന്ന വിവരം പൊലീസിന് ലഭിച്ചത്.
മരണം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും രണ്ടു പേരും ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. മറ്റൊരാള്‍ കൂടി ഇവരോടൊപ്പം താമസിച്ചിരുന്നതായും പൊലീസ് കരുതുന്നു. ഇവർ തമ്മില്‍ തർക്കമുണ്ടായതായും പൊലീസിന് സൂചന ലഭിച്ചു. ഇവർ താമസിച്ച സ്ഥലത്തും മൃതദേഹം കണ്ടെത്തിയ സ്ഥലത്തും ക്രൈംബ്രാഞ്ച് ഡിവൈഎസ് പി ഷാജ് സി ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിശോധന നടത്തി. പ്രതികള്‍ തമ്മില്‍ കൈയ്യാങ്കളി നടന്നിട്ടുണ്ടെങ്കില്‍ ഇതിനെ ബലപ്പെടുത്തുന്ന തെളിവുകള്‍ ഇവിടെ നിന്ന് കിട്ടുമെന്നാണ് പൊലീസ് കരുതുന്നത്. ശ്രീരാഗിനെ കൂടി ചോദ്യം ചെയ്താല്‍ രതീഷിന്റെ മരണം സംബന്ധിച്ച വ്യക്തത ലഭിക്കുമെന്ന നിലപാടിലാണ് പൊലീസ്.
അതേസമയം തെറ്റായി പ്രതി ചേർത്തതിൽ മനം നൊന്താണ് രതീഷ് ആത്മഹത്യ ചെയ്തതെന്ന് രതീഷിന്റെ അമ്മയും സിപിഎമ്മും ആരോപിച്ചു. രതീഷിന്റെ മരണത്തില്‍ ഗൂഢാലോചനയില്ലെന്ന വാദവുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരന് എം പിയും രംഗത്തെത്തി.
മൻസൂർ വധക്കേസിൽ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ ഇന്ന് കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തി. പാനൂരിൽ എൽഡിഎഫ് സമാധാന സന്ദേശ യാത്ര സംഘടിപ്പിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കണ്ണൂരിൽ പ്രതിഷേധ സംഗമം നടത്തി.
ക്രൈംബ്രാഞ്ച് ഐജി സ്പർജൻ കുമാർ , ഡിവൈഎസ് പി പി വിക്രം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ പേരിൽ നിന്നും മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിന്റെ ദൃക്സാക്ഷികളായ അയൽവാസികൾ, പ്രാദേശിക ലീഗ് പ്രവർത്തകർ എന്നിവരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയത്.സംഭവ സ്ഥലത്ത് നിന്നും ലഭിച്ച പ്രതി ശ്രീരാഗിന്റെ വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. കേസ് ആദ്യം അന്വഷിച്ച സംഘം ശേഖരിച്ച വിവരങ്ങളും പുതിയ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. ആദ്യ പ്രതിപ്പട്ടികയിലുള്ള ഏഴ് പേരെ കൂടി ഇനി പിടിയിലാകാനുണ്ട്. ഇവർ കണ്ണൂർ കോഴിക്കോട് ജില്ലാ അതിർത്തിയിലെ പാർട്ടി സ്വാധീന മേഖലകളിൽ ഒളിവിൽ കഴിയുകയാണെന്നാണ് വിവരം. ഇതേതുടർന്ന് പ്രദേശത്ത് പൊലീസ് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. ഇതിനിടെ കേസിൽ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം പരിപാടി ഉദ്ഘാടനം ചെയ്തു.
അതേസമയം കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ പ്രദേശങ്ങളിൽ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ സമാധാന സന്ദേശ യാത്ര നടത്തി. കടവത്തൂരിൽ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പരിപാടി ഉദ്ഘാടനം ചെയ്തു.