25000 കോടിയുടെ ലഹരിവേട്ട: വിവരങ്ങൾ ശേഖരിച്ച് എൻഐഎ, പാക് പൗരനെ ചോദ്യംചെയ്തു
|കൊച്ചി എൻഐഎ യൂണിറ്റാണ് എൻസിബിയിൽ നിന്ന് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ തേടിയത്. ഇന്ത്യക്ക് അകത്തോ പുറത്തോ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്
കൊച്ചി: കൊച്ചിയിലെ ലഹരിക്കടത്ത് കേസിൽ എൻഐഎ വിവരങ്ങൾ ശേഖരിച്ചു. എൻസിബിയിൽ നിന്നാണ് വിവരങ്ങൾ തേടിയത്. പിടികൂടിയ പാക് പൗരനെ അന്വേഷണസംഘം ചോദ്യംചെയ്തു. ഇയാളെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും.
25000 കോടിയുടെ മെത്ത് പിടികൂടിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന പാകിസ്ഥാൻ പൗരനെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. ശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എൻസിബിയുടെ നിലവിലുള്ള നീക്കം. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടുപോകാനും എൻസിബി തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ എൻഐഎയും എൻസിബിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
കൊച്ചി എൻഐഎ യൂണിറ്റാണ് എൻസിബിയിൽ നിന്ന് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ തേടിയത്. പ്രാഥമിക അന്വേഷണ വിവരങ്ങളാണ് എൻഐഎ എൻസിബിയിൽ നിന്ന് തേടിയതെന്നാണ് വിവരം. ഇന്ത്യക്ക് അകത്തോ പുറത്തോ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്. ഒപ്പം തന്നെ കേസിൽ പാക് ബന്ധം ഉറപ്പിച്ചതോടെ തുടരന്വേഷണത്തിൽ എൻഐഎ ഭാഗമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അങ്ങനെയെങ്കിൽ എൻഐഎയും എൻസിബിയും ചേർന്നുള്ള അന്വേഷണമാകും കേസിലുണ്ടാവുക. പാകിസ്ഥാനിലെ തുറമുഖ നഗരത്തിൽ നിന്നാണ് ഈ ബോട്ട് എത്തിയതെന്നാണ് ഇന്നലെ എൻസിബി സോണൽ ഡയറക്ടർ മീഡിയവണിനോട് പ്രതികരിച്ചത്. മദർഷിപ് മുങ്ങിപ്പോയെങ്കിലും ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നുണ്ടെന്നും സോണൽ ഡയറക്ടർ പ്രതികരിച്ചിരുന്നു. ഇന്ത്യക്ക് പുറമേ, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്കും മയക്കുമരുന്ന് എത്തിക്കാനായിരുന്നു ശ്രമം. അതിനാൽ, രാജ്യത്തിന് പുറത്തുള്ള ഭീകരവാദ സംഘടനകൾക്കും മയക്കുമരുന്ന് മാഫിയക്കും ഇതുമായി ബന്ധമുണ്ടെന്ന് ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു.