സംസ്ഥാനത്ത് 29 പേർക്കുകൂടി ഒമിക്രോൺ; രണ്ടുപേർക്ക് സമ്പർക്കത്തിലൂടെ രോഗം
|ആകെ ഒമിക്രോൺബാധിതരുടെ എണ്ണം 181 ആയി. ഇതുവരെ 42 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് 29 പേർക്കുകൂടി ഒമിക്രോൺ. ഇതിൽ രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം-10, ആലപ്പുഴ-ഏഴ്, തൃശൂർ-ആറ്, മലപ്പുറം-ആറ് എന്നിങ്ങനെയാണ് ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 25 പേർ ലോ റിസ്ക് രാജ്യങ്ങളിൽനിന്നും രണ്ടുപേർ ഹൈ റിസ്ക് രാജ്യങ്ങളിൽനിന്നും എത്തിയവരാണ്. ആലപ്പുഴയിലെ രണ്ടുപേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.
തിരുവനന്തപുരത്ത് ഒൻപതുപേർ യുഎഇയിൽനിന്നും, ഒരാൾ ഖത്തറിൽനിന്നും വന്നതാണ്. ആലപ്പുഴയിൽ മൂന്നുപേർ യുഎഇയിൽനിന്നും രണ്ടുപേർ യുകെയിൽനിന്നും, തൃശൂരിൽ മൂന്നുപേർ കാനഡയിൽനിന്നും, രണ്ടുപേർ യഎഇയിൽനിന്നും, ഒരാൾ ഈസ്റ്റ് ആഫ്രിക്കയിൽനിന്നും, മലപ്പുറത്ത് ആറുപേർ യുഎഇയിൽനിന്നുമാണ് എത്തിയത്.
ഇതോടെ സംസ്ഥാനത്ത് ആകെ 181 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഹൈ റിസ്ക് രാജ്യങ്ങളിൽനിന്ന് ആകെ 52 പേരും ലോ റിസ്ക് രാജ്യങ്ങളിൽനിന്ന് 109 പേരും എത്തിയിട്ടുണ്ട്. 20 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേർ ആശുപത്രി വിട്ടു. എറണാകുളം-16, തിരുവനന്തപുരം-15, തൃശൂർ-നാല്, ആലപ്പുഴ-മൂന്ന്, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ-ഒരാൾ വീതം എന്നിങ്ങനെയാണ് ഡിസ്ചാർജ് ചെയ്തത്. ഇതോടെ 139 പേരാണ് ചികിത്സയിലുള്ളത്.
Summary: 29 new Omicron cases reported in Kerala