'ഒത്തുതീർപ്പിന് 30 കോടി ഓഫർ ചെയ്തു'; ആരോപണവുമായി സ്വപ്‌ന
|വിജയ് പിള്ള എന്ന കണ്ണൂർ സ്വദേശിയാണ് താനുമായി സംസാരിച്ചത്. ഒത്തുതീർപ്പിന് വിസമ്മതിച്ചാൽ തന്നെ അവസാനിപ്പിക്കുമെന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചതെന്നും സ്വപ്‌ന പറഞ്ഞു.
കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഇടനിലക്കാരൻ സമീപിച്ചെന്ന് സ്വപ്‌ന സുരേഷ്. വിജയ് പിള്ള എന്ന കണ്ണൂർ സ്വദേശിയാണ് താനുമായി സംസാരിച്ചത്. 30 കോടി രൂപയാണ് ഓഫർ ചെയ്തത്. ഹരിയാനയിലോ ജയ്പൂരിലോ പോയി ജീവിക്കണം. മുഖ്യമന്ത്രക്കും കുടുംബത്തിനുമെതിരെ പറഞ്ഞതടക്കം എല്ലാ ആരോപണങ്ങൾ കളവാണെന്ന് പറയണമെന്നും വിജയ് പിള്ള ആവശ്യപ്പെട്ടെന്നും സ്വപ്‌ന പറഞ്ഞു.
ഒത്തുതീർപ്പിന് വിസമ്മതിച്ചാൽ തന്നെ അവസാനിപ്പിക്കുമെന്ന രീതിയിലാണ് വിജയ് പിള്ള സംസാരിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിർദേശപ്രകാരമാണ് വന്നതെന്നാണ് വിജയ് പിള്ള പറഞ്ഞത്. ഒത്തുതീർപ്പിന് തയ്യാറായില്ലെങ്കിൽ തന്റെ ബാഗിൽ ലഹരിമരുന്നോ മറ്റോവെച്ച് ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന പറഞ്ഞു.
താൻ ഒരു കാരണവശാലും ആരോപണങ്ങളിൽനിന്ന് പിന്നോട്ടില്ലെന്നും സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രി കേരളത്തെ കൊള്ളയടിച്ച് മകൾക്ക് വേണ്ടി ഒരു സാമ്രാജ്യം പണിയുകയാണ്. അത് കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കും. തന്നെ കൊല്ലണമെങ്കിൽ എം.വി ഗോവിന്ദന് മുന്നോട്ടുവരാം. തന്നെ അവസാനിപ്പിച്ചാലും കുടുംബവും അഭിഭാഷകനും കേസുമായി മുന്നോട്ടുപോകുമെന്നും സ്വപ്‌ന പറഞ്ഞു.