കണ്ണട വാങ്ങാൻ പൊതുഖജനാവിൽ നിന്ന് 30,500? മറുപടി അർഹിക്കുന്നില്ലെന്ന് മന്ത്രി ആർ.ബിന്ദു
|കേരളീയം പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകർ വിഷയം ഉന്നയിച്ചത്.
തിരുവനന്തപുരം: കണ്ണട വാങ്ങാൻ പൊതുഖജനാവിൽ നിന്ന് 30,500 രൂപ അനുവദിച്ചതിനോട് പ്രതികരിക്കാതെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി അർഹിക്കുന്നില്ലെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ മന്ത്രിയുടെ മറുപടി. കേരളീയം പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകർ വിഷയം ഉന്നയിച്ചത്.
മന്ത്രിക്ക് കണ്ണട വാങ്ങിയ വകയിൽ പൊതുഖജനാവിൽനിന്ന് 30,500 രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. 'ഉന്നത വിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു 28.04.2023ൽ തിരുവനന്തപുരം ലെൻസ് ആൻഡ് ഫ്രൈയിംസിൽനിന്ന് കണ്ണട വാങ്ങിയതിന് ചെലവാക്കിയ തുകയായ 30,500 രൂപ പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു'-എന്നാണ് ഉത്തരവിൽ പറയുന്നത്.
അതേസമയം, കേരളവർമ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധവുമായി കെ.എസ്.യു പ്രവർത്തകർ രംഗത്തെത്തി. കനകക്കുന്നിൽ കേരളീയത്തിന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ മന്ത്രിയെ പ്രവർത്തകർ തടഞ്ഞു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. തൃശൂരിൽ കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു. ജില്ലാ കലക്ടറേറ്റിൽ സ്ഥാപിച്ച നവകേരള സദസിന്റെ ഫ്ലക്സിലാണ് കരിഓയിൽ ഒഴിച്ചത്.