മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിക്കൽ; കൊച്ചിയിൽ 32 ഡ്രൈവർമാർ അറസ്റ്റിൽ
|ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായും പരിശോധന തുടരുമെന്നും ഡി.സി.പി പറഞ്ഞു.
കൊച്ചി: നഗരത്തിൽ മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിച്ച 32 ഡ്രൈവർമാർ അറസ്റ്റിൽ. അറസ്റ്റിലായതിൽ 26 പേർ ബസ് ഡ്രൈവർമാർ ആണ്.
ഇതിൽ രണ്ട് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും നാല് സ്കൂൾ ബസ് ഡ്രൈവർമാരും ഉൾപ്പെടുന്നു. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായും പരിശോധന തുടരുമെന്നും ഡി.സി.പി എസ്. ശശിധരൻ പറഞ്ഞു.
ബസുകളും മറ്റ് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്കൂൾ ബസുകളിൽ കുട്ടികളുണ്ടായിരുന്നു. അവരെ സുരക്ഷിതരായി സ്കൂളുകളിലെത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ മാത്രം നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്കെതിരെ നടപടി. ഇന്നലെ നടത്തിയ പരിശോധനയിൽ അഞ്ച് പേർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
പരിശോധന ഇപ്പോഴും തുടരുകയാണ്. അമിതവേഗവും മദ്യപിച്ചുള്ള ഡ്രൈവിങ്ങുമുൾപ്പെടെ എല്ലാത്തരം നിയമലംഘനങ്ങളും പരിശോധിക്കുന്നുണ്ട്. പലയിടത്തും ഡി.സി.പി തന്നെ നേരിട്ടെത്തിയാണ് പരിശോധന.