മൂന്നര ലക്ഷം ഡോസ് വാക്‌സിൻ ഇന്ന് സംസ്ഥാനത്തെത്തും
|കേരളം വിലകൊടുത്തുവാങ്ങുന്ന കോവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ചാണ് ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുക
കേരളം വിലകൊടുത്തുവാങ്ങുന്ന മൂന്നര ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകൾ ഇന്ന് സംസ്ഥാനത്തെത്തും. ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വാക്‌സിൻ എത്തുക.
സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള കോവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ചാണ് ഇന്ന് എറണാകുളത്ത് ഉച്ചയോടെ എത്തുന്നത്. ഈ വാക്‌സിന്റെ വിതരണത്തിൽ 18നും 45നും ഇടയിൽ പ്രായമുള്ള ഗുരുതര രോഗമുള്ളവർക്ക് മുൻഗണന നൽകും. മെയ് ഒന്നിന് ഈ വിഭാഗത്തിലുള്ളവരുടെ കുത്തിവയ്പ്പ് ആരംഭിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായതോടെ ഇത് കാര്യക്ഷമമായിരുന്നില്ല. അതിനാലാണ് അവര്‍ക്ക് മുന്‍ഗണന നല്‍കുന്നത്. ഇതോടൊപ്പം ബസ് ജീവനക്കാർ, കടകളിൽ ജോലി ചെയ്യുന്നവർ, മാധ്യമപ്രവർത്തകർ അടക്കം സമൂഹവുമായി അടുത്തിടപഴകുന്ന വിഭാഗങ്ങള്‍ക്കും ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യാൻ ആലോചിക്കുന്നുണ്ട്.
വാക്‌സിൻ എറണാകുളത്തുനിന്ന് പിന്നീട് മറ്റു ജില്ലകളിലേക്ക് വിതരണം ചെയ്യും. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട കൃത്യമായ നിർദേശം ഇന്നു ചേരുന്ന കോവിഡ് അവലോകന യോഗത്തിലുണ്ടാകും.
ഇതുവരെ 74 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് വാക്‌സിൻ നൽകാൻ കഴിഞ്ഞിട്ടുള്ളത്. ആദ്യ ഘട്ടത്തിലുള്ളവർക്കും രണ്ടാം ഘട്ടത്തിലുള്ളവർക്കും ഇപ്പോഴും നൽകിക്കൊണ്ടിരിക്കുകയാണ്. ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് നൽകേണ്ടതുണ്ട്. 18-45 പ്രായപരിധിയിലുള്ളവരിൽ വാക്‌സിനെടുക്കാത്ത നിരവധി പേരുണ്ട്. കേന്ദ്രത്തിന്റെ വിഹിതമായി ലഭിക്കുന്ന വാക്‌സിൻ ഈ വിഭാഗങ്ങൾക്കാണ് ഇപ്പോൾ നൽകിവരുന്നത്. സർക്കാർ വിലകൊടുത്തു വാങ്ങുന്ന വാക്‌സിൻ കൂടി എത്തുന്നതോടെ മറ്റു വിഭാഗങ്ങൾക്കും വാക്‌സിൻ നൽകുന്നത് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.