Kerala
38 city roads to be completed by March says minister
Kerala

38 നഗര റോഡുകൾ മാർച്ചിൽ പ്രവൃത്തി പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കും: പി.എ മുഹമ്മദ് റിയാസ്

Web Desk
|
4 Nov 2023 1:11 PM GMT

പ്രവൃത്തി പൂർത്തിയാക്കുന്നതിന് വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സ്മാർട്ട്‌സിറ്റി പദ്ധതിക്ക് കീഴിൽ കെ.ആർ.എഫ്.ബിക്ക് നിർമാണ ചുമതലയുള്ള 38 നഗര റോഡുകൾ മാർച്ചിൽ പ്രവൃത്തി പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കാൻ തീരുമാനം. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കി ഓരോ റോഡുകളുടെയും പ്രവൃത്തി ക്രമീകരിക്കും. പ്രവൃത്തികളുടെ ഏകോപനത്തിന് വകുപ്പ് സെക്രട്ടറി കെ. ബിജുവിനെ യോഗം ചുമതലപ്പെടുത്തി. കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, ടെലികോം തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.

പ്രവൃത്തി നടക്കുമ്പോൾ ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ളവയും സെക്രട്ടറിതല യോഗം ചേർന്ന് തയ്യാറാക്കും. ട്രാഫിക് പ്ലാൻ ഉൾപ്പെടെ തയ്യാറാക്കി പ്രവൃത്തി പൂർത്തീകരിക്കും. പ്രവൃത്തി പരിശോധിക്കുന്നതിന് മന്ത്രിതലത്തിൽ ഓരോ മാസവും യോഗം ചേരും. 10 റോഡുകൾ സ്മാർട്ട് റോഡുകളായി വികസിപ്പിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയാക്കി. അതോടൊപ്പം 28 റോഡുകൾ നവീകരിക്കുന്നതിനുള്ള ടെണ്ടർ നടപടികളും പൂർത്തിയാക്കി. പ്രവൃത്തി പൂർത്തിയാക്കുന്നതിന് വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. കൺസൾട്ടന്റ്, കരാറുകാർ, ഉദ്യോഗസ്ഥർ എന്നിവർ യോജിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി നിർദേശം നൽകി. ഡ്രോയിങ് ഉൾപ്പെടെയുള്ളവയുടെ അനുമതി കൃത്യസമയത്ത് നൽകണമെന്നും മന്ത്രി കൺസൾട്ടന്റുകൾക്ക് നിർദേശം നൽകി. മാനവീയം വീഥി മോഡലിൽ കൂടുതൽ റോഡുകൾ നവീകരിക്കുന്നതിന് സ്മാർട്ട് സിറ്റിയുമായി ചർച്ച നടത്തും. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു ഐ.എ.എസ്, കെ.ആർ.എഫ്.ബി സി.ഇ.ഒ എം. അശോക് കുമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, കൺസൾട്ടന്റുമാർ, കരാറുകാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Similar Posts