കുളിക്കാനിറങ്ങിയ ഉടൻ ജലനിരപ്പ് ഉയർന്നു; ചിറ്റൂർ പുഴയിൽ കുടുങ്ങിയ എല്ലാവരെയും രക്ഷപെടുത്തി
|പ്രദേശവാസികൾ തന്നെയാണ് പുഴയിൽ കുടുങ്ങിയത്, കുളിക്കാനും അലക്കാനുമായി സ്ഥിരം പുഴയിലിറങ്ങുന്നവരാണിവർ
പാലക്കാട്: പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലുപേരെയും രക്ഷപെടുത്തി. കുളിക്കാനിറങ്ങിയവരാണ് പുഴയുടെ നടുവിൽ കുടുങ്ങിയത്. നർണി ആലാംകടവ് കോസ്വേക്ക് താഴെയായിരുന്നു സംഭവം. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ എല്ലാവരെയും കരയ്ക്ക് കയറ്റാനാവുകയായിരുന്നു
ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. നാല് പുരുഷന്മാരും പ്രായമായ സ്ത്രീയുമടങ്ങിയ സംഘം കുളിക്കാനിറങ്ങിയ ഉടൻ പുഴയിൽ പൊടുന്നനെ ജലനിരപ്പുയരുകയായിരുന്നു. ഇതോടെ ഇവർ പുഴയ്ക്ക് നടുവിൽ പെട്ടു. ഉടൻ തന്നെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. പ്രദേശവാസികൾ തന്നെയാണ് പുഴയിൽ കുടുങ്ങിയത്. കുളിക്കാനും അലക്കാനുമായി സ്ഥിരം പുഴയിലിറങ്ങുന്നവരാണിവർ.
സ്വന്തം നിലയിൽ സംഘം കരയ്ക്കെത്താൻ ശ്രമിച്ചാൽ ഒഴുക്കിൽപ്പെടും എന്നതായിരുന്നു അവസ്ഥ. ഇതോടെ ലൈഫ് ജാക്കറ്റ് അണിയിച്ച്, വടത്തിൽ പിടിച്ച് കരയ്ക്ക് കയറ്റാനായി ശ്രമം. ഇത് വിജയം കണ്ടതോടെ നാലുപേരും സുരക്ഷിതരായി കരയ്ക്കെത്തുകയായിരുന്നു.