Kerala
43 medical pg seats sanctioned in Kerala
Kerala

സംസ്ഥാനത്ത് 43 മെഡിക്കൽ പി.ജി സീറ്റുകൾക്ക് അനുമതി

Web Desk
|
7 Sep 2023 8:04 AM GMT

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ വളർച്ചയ്ക്ക് പി.ജി സീറ്റുകളുടെ വർധന സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ പുതുതായി 43 മെഡിക്കൽ പി.ജി സീറ്റുകൾക്ക് കേന്ദ്രം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആലപ്പുഴ മെഡിക്കൽ കോളേജ് 13, എറണാകുളം മെഡിക്കൽ കോളേജ് 15, കണ്ണൂർ മെഡിക്കൽ കോളേജ് 15 എന്നിങ്ങനെയാണ് സീറ്റുകൾ വർധിപ്പിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പി.ജി. സീറ്റുകൾ വർധിപ്പിച്ച് ശക്തിപ്പെടുത്തിപ്പെടുത്തുന്നതിനും അപ്ഗ്രേഡ് ചെയ്യുന്നതിനും വേണ്ടിയുള്ള സ്‌കീം അനുസരിച്ചാണ് സീറ്റുകൾ വർധിപ്പിച്ചത്. ഈ സർക്കാർ വന്ന ശേഷം കുറഞ്ഞ നാൾകൊണ്ട് 28 സ്‌പെഷ്യാലിറ്റി സീറ്റുകൾക്കും ഒമ്പത് സൂപ്പർ സ്‌പെഷ്യാലിറ്റി സീറ്റുകൾക്കും അനുമതി നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇതുകൂടാതെയാണ് 43 പിജി സീറ്റുകൾ കൂടി ലഭ്യമാകുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ വളർച്ചയ്ക്ക് ഇതേറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ മെഡിക്കൽ കോളജിൽ അനസ്തേഷ്യ 2, കമ്മ്യൂണിറ്റി മെഡിസിൻ 2, ഡെർമറ്റോളജി 1, ഫോറൻസിക് മെഡിസിൻ 1, ജനറൽ മെഡിസിൻ 2, ജനറൽ സർജറി 2, പത്തോളജി 1, ഫാർമക്കോളജി 1, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ 1 എന്നിങ്ങനെയും എറണാകുളം മെഡിക്കൽ കോളജിൽ അനസ്തേഷ്യ 2, ഓർത്തോപീഡിക്സ് 2, ജനറൽ മെഡിസിൻ 1, റേഡിയോ ഡയഗ്‌നോസിസ് 2, ഗൈനക്കോളജി 2, ജനറൽ സർജറി 2, കമ്മ്യൂണിറ്റി മെഡിസിൻ 1, ഫോറൻസിക് മെഡിസിൻ 1, റെസ്പിറേറ്ററി മെഡിസിൻ 1, ഒഫ്ത്താൽമോളജി 1 എന്നിങ്ങനെയും കണ്ണൂർ മെഡിക്കൽ കോളേജിൽ അനസ്തേഷ്യ 1, ജനറൽ മെഡിസിൻ 1, റേഡിയോ ഡയഗ്‌നോസിസ് 2, ഗൈനക്കോളജി 1, ജനറൽ സർജറി 1, പീഡിയാട്രിക്സ് 2, ഫോറൻസിക് മെഡിസിൻ 2, റെസ്പിറേറ്ററി മെഡിസിൻ 1, എമർജൻസി മെഡിസിൻ 2, ഓർത്തോപീഡിക്സ് 2 എന്നിങ്ങനെയുമാണ് പി.ജി. സീറ്റുകൾ അനുവദിച്ചത്.

Similar Posts