തളരാതെ 46 മണിക്കൂർ; ബാബുവിനെ തുണച്ചത് മനോധൈര്യം
|ദാഹവും വിശപ്പും വെയിലും മഞ്ഞും സഹിച്ച്‌രണ്ടു പകലും രണ്ടുരാത്രിയുമാണ് ബാബു ആ മലയിടുക്കിൽ കഴിഞ്ഞത്
തൊണ്ടനനയ്ക്കാൻ പോലും വെള്ളമില്ലാതെ കൊടും വെയിലിലും കനത്ത മഞ്ഞിലും രണ്ടുരാത്രിയും രണ്ടുപകലും. എത്ര ആരോഗ്യവാനായാലും തളർന്നുവീണുപോകാവുന്ന സാഹചര്യം. എന്നിട്ടും ബാബുവെന്ന 23 കാരൻ പിടിച്ചു നിന്നു. അസാമാധ്യ മനോധൈര്യത്തോടെ താൻ മലയിടുക്കിലേക്ക് വീണ കാര്യം നാട്ടുകാരെ വിളിച്ചറിയിച്ചു. ഫയർഫോഴ്‌സിനെയും വിളിച്ച് കാര്യം അറിയിച്ചു. താൻ വീണ സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു. ബുധനാഴ്ച രാവിലെ കരസേന അംഗങ്ങൾ അടുത്തെത്തി വെള്ളവും ഭക്ഷണവും കൊടുത്ത് മുകളിലേക്ക് എത്തിക്കുമ്പോഴും ബാബു ശാരീരികമായി തളർന്നെങ്കിലും മാനസികമായി തളർന്നിട്ടില്ലായിരുന്നു. ബാബുവിന്റെ ആത്മവിശ്വാസമാണ് രക്ഷാപ്രവർത്തനത്തിൽ ഏറെ നിർണായകമായതും. കരസേനയുടെ സൈനികർക്കൊപ്പം മലമുകളിലേക്കെത്തിയപ്പോഴും ആ മുഖത്തെ ചിരിയും ആത്മവിശ്വാസവും മാഞ്ഞിട്ടില്ലായിരുന്നു.
പാലക്കാട് ചെറാട് നിന്ന് ആറു കിലോമീറ്ററോളം അകലെയാണ് കുറുമ്പാച്ചി മല. ട്രെക്കിങ്ങിന് വനം വകുപ്പിന്റെ അനുമതി ഇല്ലാത്ത സ്ഥലമാണിത്.നടക്കാൻ പോലും പറ്റാത്ത സ്ഥലത്ത്തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും മറ്റ് രണ്ടുപേരും ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറുന്നത്. പാതിവഴിയിലെത്തിയപ്പോൾ കൂടെയുണ്ടായിരുന്ന രണ്ടുപേർ തിരിച്ചിറങ്ങി. എന്നാൽ വീണ്ടും മലകയറിയ ബാബു കാൽതെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഒരാൾക്ക് ശരിക്ക് ഇരിക്കാൻ പോലും പറ്റാത്ത സ്ഥലത്താണ് ബാബു വീണിരിക്കുന്നത്. ഒന്നനങ്ങിയാൽ താഴെപോകുന്ന അവസ്ഥ. വീണതിന്റെ ആഘാതത്തിൽ കാലിനും പരിക്കേറ്റിരുന്നു.
പകൽ കനത്ത വെയിലാണ് ഈ മലപ്രദേശത്തുണ്ടാകുക. വെയിൽ കാരണം പാറയിടുക്കും പൊള്ളുന്ന രീതിയിലാകും. എന്നിട്ടും രണ്ടു പകലോളം ആ ചൂട് സഹിച്ച് ബാബു മലയിടുക്കിൽ കഴിഞ്ഞു. പകലിലെ ചൂടിന് പുറമെ രാത്രിയിലെ കനത്ത മഞ്ഞും ബാബു സഹിച്ചിരുന്നു. മാത്രമല്ല, രാത്രിയായാൽ പാമ്പുകളുടെയും മറ്റ് ഇഴ ജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും ശല്യവും ഉള്ളസ്ഥലം കൂടിയാണിത്. തിങ്കളാഴ്ച വൈകുന്നേരം വരെ ബാബു തന്നെ രക്ഷിക്കാൻ വന്നവർക്ക് നേരെ ഷർട്ട് വീശിക്കാണിക്കുകയും സ്ഥലം കൃത്യമായി അടയാളപ്പെടുത്തി നൽകുകയും ചെയ്തിരുന്നു. പിന്നീട് ഡ്രോൺ വഴി ബാബുവിന്റ ദൃശ്യങ്ങൾ എടുത്തപ്പോൾ തനിക്ക് വെള്ളം തരണമെന്ന് പറയുന്നത് കാണാമായിരുന്നു. ചൊവ്വാഴ്ചയിലെ രക്ഷാദൗത്യം ഓരോന്നായി പരാജയപ്പെട്ടപ്പോഴും ബാബു തളർന്നില്ല.
ബുധനാഴ്ച പുലർച്ചയോടെ കരസേന വടം കെട്ടി തനിക്ക് അരികിലെത്തിയ കരസേനാംഗങ്ങളോടും ബാബു സംസാരിച്ചു. തനിക്ക് വെള്ളം വേണമെന്ന് ബാബു ഉറക്കെ പറയുന്നുണ്ടായിരുന്നു. വെള്ളം ഉടൻ എത്തിക്കാമെന്നും പേടിക്കേണ്ടഎന്നും രക്ഷാപ്രവർത്തകർ പറഞ്ഞപ്പോൾ ബാബു മറുപടി നൽകി. ഒടുവിൽ ബുധനാഴ്ച രാവിലെ 9.30 ഓടെ ബാബുവിനെ വടം കെട്ടി സുരക്ഷ ബെൽറ്റും ഹെൽമറ്റും ധരിപ്പിച്ച് സൈനികനോടൊപ്പം മുകളിലേക്ക് കയറ്റുകയായിരുന്നു. 40 മിനിറ്റോളം നീണ്ട ദൈത്യത്തിനൊടുവിലാണ് ബാബുവിനെ മുകളിലക്കെത്തിച്ചത്. പഴുതടച്ച രക്ഷാപ്രവർത്തനവും കേരളക്കരയുടെ മുഴുവൻ പ്രാർഥനയും ബാബുവിനൊപ്പമുണ്ടായിരുന്നു. എന്നാൽ ബാബുവിന്റെ ആത്മധൈര്യം തന്നെയാണ് രക്ഷാപ്രവർത്തനത്തിൽ ഏറെ ഗുണകരമായതെന്ന് സൈനികർ പറയുന്നു.