ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടിട്ട് 5 വർഷം; നീതി കിട്ടാതെ കുടുംബം
|ആദിവാസികളുള്‍പ്പെടെ അരികുവല്‍ക്കരിക്കപ്പെട്ടവരോടുള്ള സമൂഹത്തിന്റെ മനോഭാവം വലിയ ചർച്ചകള്‍ക്കും വിചാരണകള്‍ക്കും വിധേയമായി
വയനാട്: പ്രബുദ്ധകേരളം ലോകത്തിന് മുന്നിൽ തീരെ ചെറുതായിപ്പോയൊരു ദിനത്തിന്റെ അഞ്ചാം വാർഷികമാണിന്ന്. അട്ടപ്പാടിയിലെ കടുകുമണ്ണ ഊരുകാരൻ മധു കേരളത്തിന്റെ കപടമാനവികതയെ ചോദ്യം ചെയ്ത് അനശ്വരതയിലേക്ക് മറഞ്ഞതിന്റെ ഓർമ ദിനം. രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചു. സോഷ്യല്‍ മീഡിയയും അങ്ങാടിക്കവലകളും മധുവിനായി കണ്ണീരൊഴുക്കി. പക്ഷെ ആ കണ്ണീരിന് ദിവസങ്ങളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കേസ് നടത്തിപ്പിൽ യാതൊരു അലംഭാവവുമില്ലെന്ന് സർക്കാർ ആവർത്തിക്കുന്നതിനിടയിലും ശമ്പളം നല്‍കാത്തത് കാരണം രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ കേസില്‍ നിന്ന് പിന്മാറി. രഹസ്യമൊഴി നല്‍കിയവരടക്കം 24 സാക്ഷികള്‍ കൂറുമാറി. കോടതി നിർദേശത്തെ തുടർന്ന് കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധന വരെ നടന്നു. അഞ്ചാണ്ട് കഴിഞ്ഞിട്ടും കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിക്കാനായിട്ടില്ല.
കോടതിക്കകത്ത് മാത്രമല്ല കേരളത്തിന്റെ മനോനിലയിലും മധുവിന്റെ രക്തസാക്ഷിത്വം കാര്യമായൊരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് ആത്മഹത്യ ചെയ്ത ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം വിളിച്ചു പറയുന്നു.
താനൊരു പാട് മോഹിച്ച് കാത്തിരുന്ന കുഞ്ഞിന്റെ മുഖമൊന്ന് കാണാൻ മെഡിക്കല്‍ കോളജിന് പുറത്ത് കാത്തുനില്‍ക്കെയാണ് മറ്റൊരു ആള്‍ക്കൂട്ടം മോഷണക്കുറ്റമാരോപിച്ച് വിശ്വനാഥനെയും വിചാരണ ചെയ്തത്. അപമാനഭാരത്താലാണ് മെഡിക്കല്‍ കോളജിന് പിറകിലെ മരത്തില്‍ വിശ്വനാഥന് ജീവിതം അവസാനിപ്പിച്ചതെന്ന് പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ആള്‍ക്കൂട്ടത്തിലെ നൂറിലധികം പേരുടെ മൊഴിയെടുത്തെങ്കിലും പ്രതികളിലേക്കെത്തിയിട്ടില്ല.
മധുവിന്റെ കേസ് പോലെയായിരിക്കില്ല വിശ്വനാഥന്റെതെന്ന് പ്രതീക്ഷിക്കാൻ തക്ക യാതൊരു കാരണങ്ങളും കേരളത്തില്‍ നിലനില്‍ക്കുന്നില്ല. മധുമാരും വിശ്വനാഥന്മാരും ഇനിയും ഊഴം കാത്തിരിപ്പുണ്ട്. ആയുധങ്ങള്‍ മൂർച്ചകൂട്ടി സാക്ഷരരായ കൊലയാളിക്കൂട്ടം തെരുവുകളിലും.