500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവം: മുഖ്യപ്രതി അറസ്റ്റിൽ
|മണ്ണാർക്കാട് സ്വദേശി ജുനൈസിനെ പൊന്നാനിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്
കൊച്ചി: കളമശ്ശേരിയിൽ നിന്നും 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. മണ്ണാർക്കാട് സ്വദേശി ജുനൈസിനെ പൊന്നാനിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
കൈപ്പടമുകളിൽ വീട് വാടകയ്ക്ക് എടുത്ത് സുനാമി ഇറച്ചി എത്തിച്ച് വിതരണം നടത്തിയിരുന്ന ജുനൈസിനെ കുറിച്ച് കഴിഞ്ഞ ഒരാഴ്ചയായി പൊലീസിന് ഒരു വിവരവുമുണ്ടായിരുന്നില്ല. ആദ്യ ഘട്ടത്തിൽ ഫോണിൽ ലഭിച്ചിരുന്നെങ്കിലും കേസെടുത്തതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതി ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ വൈകുന്നേരത്തോടെ പൊന്നാനിയിൽ നിന്നുമാണ് അന്വേഷണ സംഘം പിടികൂടിയത്. രാത്രി 11 മണിയോടെ പ്രതിയെ കളമശേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു.
കേരളത്തിലേക്കെത്തുന്ന സുനാമി ഇറച്ചിയുടെ ഉറവിടത്തിലേക്കെത്താൻ ജുനൈസ് വഴി സാധിക്കുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. എവിടെ നിന്നുമാണ് സുനാമി ഇറച്ചി കൊണ്ടുവന്നത്, ഇതിന് ആരുടെയൊക്കെ സഹായം ലഭിച്ചു തുടങ്ങിയ വിവരങ്ങൾ പ്രതിയിൽ നിന്നും ചേദിച്ചറിയേണ്ടതുണ്ട്. കൂടാതെ ഇറച്ചി കണ്ടെത്തിയ വീട്ടിൽ നിന്നും ലഭിച്ച ബില്ലുകളിൽ പറയുന്ന ഹോട്ടലുകൾക്ക് ഇറച്ചി നൽകിയിട്ടുണ്ടോ എന്നതിലും വ്യക്തത വരുത്തണം. ഇതിനായി പ്രതിയെ റിമാൻഡില്‍ ആവശ്യപ്പെട്ട് ഇന്ന് തന്നെ അന്വേഷണ സംഘം കോടതിയിൽ ഹരജി സമർപ്പിക്കും.