ഓപ്പറേഷന് 5000 രൂപ കൈക്കൂലി; കോട്ടയത്ത് ഡോക്ടര്‍ അറസ്റ്റില്‍
|കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ ഡോ: സുജിക്ക് കുമാറാണ് പിടിയിലായത്. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടുകയായിരുന്നു.
കാഞ്ഞിരപ്പള്ളി: ചികിത്സയ്ക്ക് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ഡോക്ടർ പിടിയിൽ. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ ഡോ: സുജിത്ത് കുമാറാണ് പിടിയിലായത്. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടുകയായിരുന്നു. മുണ്ടക്കയം സ്വദേശിയിൽ നിന്നും ഹെർണിയ ഓപ്പറേഷന് 5000 രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.
ശസ്ത്രക്രിയയ്ക്കായി ആദ്യം 2000 രൂപ മുന്‍കൂറായി വാങ്ങിയ ഡോക്ടര്‍ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ രോഗിയെ സര്‍ജറിക്ക് വിധേയനാക്കി. സര്‍ജറി കഴിഞ്ഞ ശേഷം വാര്‍ഡില്‍ കിടന്നിരുന്ന രോഗിയുടെ മകനോട് ബാക്കി 3000 രൂപകൂടി കൈക്കൂലിയായി തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ മകന് വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.
നാടകീയ നീക്കങ്ങൾക്കൊടുവിലാണ് വിജിലൻസ് കൈക്കൂലി വാങ്ങിയ ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഈ മാസം 18 ന് ഓപ്പറേഷൻ നടത്തിയ ശേഷം ആണ് വിജിലന്‍സിന് പരാതി ലഭിക്കുന്നതും ഡോക്ടറെ തെളിവുള്‍പ്പെടെ പിടികൂടാന്‍ പദ്ധതി തയ്യാറാക്കുന്നതും. ഡോക്ടറുടെ വീടിനോട് ചേര്‍ന്നുള്ള പരിശോധനാ മുറിയില്‍വെച്ച് പണം കൈമാറുന്നതിനിടയിലാണ് സുജിത്ത് കുമാര്‍ വിജിലന്‍സ് വിരിച്ച വലയില്‍ വീഴുന്നത്.