5ജി നാളെ മുതൽ കേരളത്തിലും; ആദ്യ ഘട്ടം കൊച്ചിയിൽ
|റിലയൻസ് ജിയോയാണ് 5 ജി സേവനം ലഭ്യമാക്കുക. ജില്ലയിലെ പല സ്ഥലങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 5ജി സേവനം ലഭ്യമാക്കിയിരുന്നു
കേരളത്തിൽ 5 ജി സൗകര്യം നാളെ മുതൽ ലഭ്യമാവും. കൊച്ചി നഗരത്തിലാണ് ആദ്യ ഘട്ടത്തിൽ 5 ജി സേവനം ലഭ്യമാവുക. റിലയൻസ് ജിയോയാണ് 5 ജി സേവനം ലഭ്യമാക്കുക. മുഖ്യമന്ത്രി സേവനം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പല സ്ഥലങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 5ജി സേവനം ലഭ്യമാക്കിയിരുന്നു. കടവന്ത്ര, സൗത്ത്, അങ്കമാലി പോലുള്ള പ്രദേശങ്ങളിലെ ചിലർക്ക് എയർടെൽ, ജിയോ എന്നീ കമ്പനികളുടെ 5ജി സിഗ്‌നൽ ലഭ്യമായതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, 5ജി സേവനം ലഭ്യമായ ഇന്ത്യയിലെ 50 നഗരങ്ങളുടെ ലിസ്റ്റ് കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ടയർ 1, ടയർ 2 നഗരങ്ങളിലാണ് ആദ്യമായി 5ജി സേവനം ലഭ്യമായത്. കേരളത്തിൽ നിന്ന് കൊച്ചിയായിരുന്നു ലിസ്റ്റിലുണ്ടായിരുന്നത്.
5ജി സേവനങ്ങൾ ആരംഭിച്ച 50 നഗരങ്ങളിൽ 33 എണ്ണവും ഗുജറാത്തിലായിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള മൂന്ന് നഗരങ്ങളും പശ്ചിമ ബംഗാളിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും രണ്ട് വീതം നഗരങ്ങളും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലും ഓരോ നഗരങ്ങളിൽ മാത്രമാണ് 5ജി എത്തിയത്. ഈ വർഷം ഒക്ടോബർ ഒന്നിനായിരുന്നു രാജ്യത്ത് 5ജി ലഭ്യമായിത്തുടങ്ങിയത്. തുടക്കത്തിൽ എട്ട് പ്രധാന നഗരങ്ങളിൽ ചിലയിടങ്ങളിലായി മാത്രമാണ് 5ജി എത്തിയത്. എന്നാൽ, നവംബർ അവാനമായപ്പോൾ അത് 50 നഗരങ്ങളിലായി വർധിച്ചെന്നും കേന്ദ്രം ലോക്‌സസഭയിൽ പറഞ്ഞിരുന്നു