1400 കോടിയുടെ ലഹരിമരുന്ന് വേട്ട: 6 ഇറാന്‍ പൗരന്മാരുടെ അറസ്റ്റ് രേഖപ്പെടുത്തി
|പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ശൃംഖലയാണ് ലഹരി ഇടപാടിന് പിന്നിലെന്ന് അന്വേഷണസംഘം
കൊച്ചി പുറംകടലിൽ നിന്ന് വൻ തോതിൽ ലഹരിമരുന്ന് പിടികൂടിയ കേസിൽ എൻസിബി കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ശൃംഖലയാണ് ലഹരി ഇടപാടിന് പിന്നിലെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
1,400 കോടി രൂപ വിലവരുന്ന 200 കിലോഗ്രാം ഹെറോയിനാണ് നാവികസേനയും എൻസിബിയും ചേർന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹാജി അലിയാണ് ഇടപാടിന് പിന്നിലെ സൂത്രധാരനെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
അഫ്ഗാനിസ്താനിൽ നിന്ന് പാകിസ്താനിലെത്തിച്ച മയക്കുമരുന്ന് അവിടെ നിന്ന് ഇന്ത്യൻ സമുദ്രാതിർത്തി വഴി ശ്രീലങ്കയിലേക്ക് കടത്താനായിരുന്നു ശ്രമം. ശ്രീലങ്കയിൽ എത്തിച്ച ശേഷം മയക്കുമരുന്ന് ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലേക്ക് എത്തിക്കുകയാണ് സംഘം ലക്ഷ്യമിട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അറസ്റ്റിലായ 6 പേരും ഇറാൻ സ്വദേശികളാണ്. പുറംകടലിൽ മയക്കുമരുന്ന് കൈപ്പറ്റാൻ എത്തിയ ശ്രീലങ്കൻ ബോട്ടിനെ കേന്ദ്രീകരിച്ച് നേവിയും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.