60 വർഷത്തെ ജലക്ഷാമം; ദുരിതത്തിലായി മൂച്ചിക്കുണ്ട് നിവാസികൾ
|കുടിവെള്ള ക്ഷാമം പരിഹരിക്കാതെ ഇനി ഒരു തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യില്ലെന്നാണ് മൂച്ചിക്കുണ്ട് കോളനിക്കാരുടെ തീരുമാനം
മലപ്പുറം: പതിറ്റാണ്ടുകളായി കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ് മലപ്പുറം കൊണ്ടോട്ടി നഗരസഭയിലെ മൂച്ചിക്കുണ്ട് നിവാസികൾ. അറുപത് വർഷത്തോളമായി വെള്ളം വിലക്ക് വാങ്ങാത്ത ഒരു വേനൽക്കാലം ഇവിടുത്തുകാർക്കില്ല. ഇവർക്കായി പല പദ്ധതികൾ ആവിഷ്‌ക്കരിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. കുടിവെള്ള ക്ഷാമം പരിഹരിക്കാതെ ഇനി ഒരു തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യില്ലെന്നാണ് മൂച്ചിക്കുണ്ട് കോളനിക്കാരുടെ തീരുമാനം.
60 വർഷം മുമ്പ് സർക്കാർ നൽകിയ ഭൂമിയിലാണ് 120ഓളം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്നത്. അന്ന് മുതൽ കുടിവെള്ളക്ഷാമം ഉണ്ട്. ആകെയുള്ള ഒരു കിണറും കുളവും വേനലിൽ വറ്റും. 700 മുതൽ 1200 രൂപ വരെയാണ് 2000 ലിറ്റർ വെള്ളത്തിന് നൽകേണ്ടി വരുന്നത്. ഡാനിഡ പദ്ധതിയാണ് ഇവിടെ ആദ്യം വന്നത് . പിന്നീട് ലോക ബാങ്കിന്റെ ഫണ്ട് ഉപയോഗിച്ച് പദ്ധതിയും ചർള കുടിവെള്ള പദ്ധതിയും വന്നു. പരാജയപ്പെട്ട ഡാനിഡ പദ്ധതിയുടെ പൈപ്പുകൾ പോലും മാറ്റതെയാണ് പുതിയ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിച്ചത്.
ആധുനികമായ സംവിധാനങ്ങൾ ഉപയോഗിച്ച് പമ്പിങ്ങ് നടത്തിയാൽ കുന്നിൽ പ്രദേശമായ മൂച്ചിക്കുണ്ടിൽ വെള്ളം എത്തിക്കാമെന്ന് വാട്ടർ അതോറിറ്റി തന്നെ കണ്ടെത്തിയിട്ടുണ്ട്. മുടങ്ങി കിടക്കുന്ന കിഫ്ബി പദ്ധതി നടപ്പിലായാൽ പ്രശ്‌നം പരിഹരിക്കാൻ സാധിക്കും. സൗജന്യമായി കുടിവെള്ളം എത്തിക്കാൻ നഗരസഭ അധികൃതർ തയ്യറായാൽ നിർധനരായ കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുമത്.