പവറുണ്ടാക്കി പണി കിട്ടിയ ഫ്രീക്കൻമാർ; റോഡിൽ ബൈക്ക് അഭ്യാസം നടത്തിയ അഞ്ച് പേർക്ക് 66000 രൂപ പിഴ
|കൊല്ലം ചവറയിൽ നിന്ന് മാത്രം അഞ്ച് ബൈക്കുകളാണ് പൊലീസ് പിടിച്ചെടുത്തത്
കൊല്ലം: റോഡിൽ ബൈക്ക് അഭ്യാസം നടത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുമായി പൊലീസും മോട്ടോർ വാഹന വകുപ്പും. കൊല്ലം ചവറയിൽ നിന്ന് മാത്രം അഞ്ച് ബൈക്കുകളാണ് പൊലീസ് പിടിച്ചെടുത്തത്. 170 കിലോമീറ്റർ വേഗതയിൽ ബൈക്ക് ഓടിച്ച വീഡിയോ ബി.ജി. എമ്മിട്ട് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് വൈറലായ യുവാക്കളെ തിരഞ്ഞ് മോട്ടോർ വാഹന വകുപ്പും പൊലീസും വീട്ടിൽ എത്തുകയായിരുന്നു. ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബൈക്കിന്‍റെ രജിസ്ട്രഷൻ റദ്ദ് ചെയ്യുന്നതിനും വാഹന ഉടമകളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുമുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ചവറ എസ്.ഐ നൌഫൽ പറഞ്ഞു. അഞ്ച് യുവാക്കള്‍ക്കും കൂടി 66000 രൂപ പിഴയും നൽകിയിട്ടുണ്ട്.
രൂപം മാറ്റിയ ബൈക്കുകളില്‍ അമിതവേഗത്തില്‍ സഞ്ചരിക്കുകയും അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 53 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു. പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.