Kerala
ഒഴിഞ്ഞുകിടക്കുന്നത് 6832 തസ്തികകള്‍: അധ്യാപക ഒഴിവുകൾ നികത്തുമെന്ന് മന്ത്രി
Kerala

ഒഴിഞ്ഞുകിടക്കുന്നത് 6832 തസ്തികകള്‍: അധ്യാപക ഒഴിവുകൾ നികത്തുമെന്ന് മന്ത്രി

Web Desk
|
2 Jun 2021 1:04 AM GMT

6832 അധ്യാപക തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നത് ഓൺലൈൻ പഠനത്തെ ബാധിക്കുമെന്ന മീഡിയവൺ വാർത്തയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.

സംസ്ഥാനത്തെ അധ്യാപക ഒഴിവുകൾ നികത്താനുള്ള നടപടികൾ സർക്കാർ എടുക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 6832 അധ്യാപക തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നത് ഓൺലൈൻ പഠനത്തെ ബാധിക്കുമെന്ന മീഡിയവൺ വാർത്തയെ തുടർന്നായിരുന്നു മന്ത്രിയുടെ ഇടപെടൽ. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സബ്മിഷനായി വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയത്. മീഡിയവൺ ഇംപാക്ട്.

വേണ്ടത്ര അധ്യാപകരില്ലാതെ എങ്ങനെ ഓൺലൈൻ ക്ലാസുകൾ മുന്നോട്ട് പോകുമെന്ന് ചോദിച്ചാണ് പ്രതിപക്ഷ നേതാവ് വിഷയം നിയമസഭയിൽ ഉന്നയിച്ചത്. നിയമന ഉത്തരവ് നൽകിയവർക്ക് പോലും ജോലിയിൽ കയറാൻ സർക്കാർ അനുവദിക്കുന്നില്ലെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടിയപ്പോൾ അത് എ.ജിയുടെ നിയമോപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തില്‍ ആണെന്നായിരുന്നു മന്ത്രിയുടെ മറുപടി. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ മാത്രം എല്‍പി, യുപി, ഹൈസ്ക്കൂള്‍ വിഭാഗങ്ങളിലായി 6832 അധ്യാപക ഒഴിവുകളുണ്ട്.

ഇതിനുപുറമെ എയ്ഡഡ് സ്കൂളുകളില്‍ നിന്ന് 2020ലും 2021ലും വിരമിച്ച അധ്യാപകര്‍ക്ക് പകരം നിയമനം നടത്തിയിട്ടില്ല. ആ കണക്ക് കൂടി കൂട്ടിയാല്‍ പതിനായിരത്തോളം വരും ഒഴിഞ്ഞ് കിടക്കുന്ന അധ്യാപക തസ്തികകള്‍. ഡിജിറ്റല്‍ ക്ലാസിലുണ്ടാകുന്ന സംശയം വിദ്യാര്‍ഥികള്‍ ചോദിച്ച് മനസ്സിലാക്കുന്നത് സ്വന്തം സ്കൂളിലെ അധ്യാപകരോടാണ്. അധ്യാപകര്‍ ഇല്ലാത്ത അവസ്ഥ കുറച്ച് കുട്ടികള്‍ക്ക് മാത്രം ഉണ്ടാവുമെന്നതും പ്രശ്നമാണ്.

Similar Posts