75കാരിയെയും മകനെയും കള്ളക്കേസിൽ കുടുക്കി; എസിപിക്കെതിരെ കേസ്
|ഒരു കൊലപാതകത്തിന് പിന്നിൽ കാലടി സ്വദേശിയും ഇയാളുടെ 75 വയസ്സുള്ള അമ്മയുമാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൃഥ്വിരാജിന്റെ 'കണ്ടെത്തൽ'
തിരുവനന്തപുരം: കഴക്കൂട്ടത്ത് 75കാരിയെയും മകനെയും കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ എസിപി ഡികെ പൃഥ്വിരാജിനെതിരെ കേസ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. തിരുവനന്തപുരം കാലടി സ്വദേശിയുടെ പരാതിയിലാണ് കേസ്.
പൃഥ്വിരാജ് തമ്പാനൂർ സിഐ ആയിരിക്കുന്ന സമയത്താണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. അക്കാലത്ത് പരാതിക്കാരനുമായും പൃഥ്വിരാജുമായി പാർക്കിംഗുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ഇതിന് ശേഷമാണ് ഇയാളുടെ വീടിനടുത്ത് ഒരു കൊലപാതകമുണ്ടാകുന്നത്. ഈ കൊലപാതകത്തിന് പിന്നിൽ കാലടി സ്വദേശിയും ഇയാളുടെ 75 വയസ്സുള്ള അമ്മയുമാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൃഥ്വിരാജിന്റെ 'കണ്ടെത്തൽ'. തുടർന്ന് അമ്മയെ ഒന്നാം പ്രതിയാക്കിയും യുവാവിനെ രണ്ടാം പ്രതിയാക്കിയും പൃഥ്വിരാജ് കേസെടുത്തു.
എന്നാൽ തങ്ങളോടുള്ള മുൻവൈരാഗ്യം മൂലം കേസ് കെട്ടിച്ചമച്ചതാണെന്ന് കാട്ടി യുവാവ് നിയമപരമായി മുന്നോട്ടു നീങ്ങി. തുടർന്ന് ഏഴ് വർഷങ്ങൾക്കിപ്പുറം കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാവുകയായിരുന്നു. പരാതിക്കാരെ കള്ളക്കേസിൽ കുടുക്കാൻ എസിപി ശ്രമിച്ചു എന്നത് ശരിവച്ചായിരുന്നു കോടതി വിധി. അന്യായമായി തടവിൽ വയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ എന്നിവ പ്രകാരമാണ് കേസ്. പൃഥ്വിരാജിനോട് അടുത്ത മാസം 29ാം തീയതി കോടതിയിൽ നേരിട്ട് ഹാജരാവാനാണ് നിർദേശിച്ചിരിക്കുന്നത്.