'ജയിൻ ഹവാല ഇടപാടിൽ 7.63 കോടി കൈപ്പറ്റി'; ഗവർണർക്കെതിരെ ആരോപണവുമായി 'ദേശാഭിമാനി' ലേഖനം
|മന്ത്രിയായും ജനപ്രതിനിധിയായും പ്രവർത്തിക്കുമ്പോൾ അധികാര ദുർവിനിയോഗം നടത്തി പണം സമ്പാദിച്ചയാളായിരുന്നുവെന്നും വിമർശനം
ഗവർണർ-സിപിഎം പോര് തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. രാഷ്ട്രീയപാർട്ടികൾ മാറുന്നതിൽ കുപ്രസിദ്ധിയാർജിച്ചയാളാണ് ആരിഫ് മുഹമ്മദ് ഖാനെന്നും ജയിൻ ഹവാല കേസിലെ മുഖ്യപ്രതിയായിരുന്നു ഇദ്ദേഹമെന്നും പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കുറ്റപ്പെടുത്തി. ജയിൻ ഹവാല ഇടപാടിൽ ഏറ്റവും കൂടുതൽ പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാവായിരുന്നു ആരിഫ് മുഹമ്മദ് ഖാനെന്നും 7.63 കോടി രൂപയാണ് പല തവണകളായി വാങ്ങിയതെന്നും ആരോപിച്ചു. മന്ത്രിയായും ജനപ്രതിനിധിയായും പ്രവർത്തിക്കുമ്പോൾ അധികാര ദുർവിനിയോഗം നടത്തി പണം സമ്പാദിച്ചയാളായിരുന്നുവെന്നും സഞ്ജയ് കപൂറിന്റെ ബാഡ് മണി ബാഡ് ബാഡ് പൊളിറ്റിക്‌സ് - ദി അൺടോൾഡ് ഹവാല സ്റ്റോറി എന്ന പുസ്തകം ഈ അഴിമതിയുടെ ഉള്ളറകൾ തുറക്കുന്നതാണെന്നും പറഞ്ഞു.
വിലപേശി കിട്ടിയ നേട്ടങ്ങളിൽ ഗവർണർ മതിമറക്കുകയാണെന്നും ബി.ജെ.പി സർക്കാറിന്റെ കൂലിപ്പടയാളിയെപ്പോലെ കേരള സർക്കാറിനെതിരെ അസംബന്ധ യുദ്ധം നയിക്കുന്നുവെന്നും ലേഖനം വിമർശിച്ചു. സംസ്ഥാന താൽപര്യങ്ങൾ ഹനിക്കുന്ന ഗവർണറുടെ നീക്കങ്ങൾ നാട് കണ്ടുനിൽക്കുമോമെന്ന് കണ്ടറിയണമെന്നും ലേഖനത്തിൽ വ്യക്തമാക്കി.
അതേസമയം, ഗവർണർക്കെതിരെ സിപിഐയും രംഗത്തെത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബ്ലാക്ക്‌മെയിൽ രാഷ്ട്രീയത്തിന് രാജ്ഭവനെ വേദിയാക്കുന്നുവെന്ന് സിപിഐ മുഖപത്രം ജനയുഗം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ വിമർശിച്ചു. ഗവർണർ മനോനില തെറ്റിയവരെ പോലെ പെരുമാറുന്നുവെന്നും പ്രതിമാസം ഗവർണർ സംവിധാനത്തിന് ചെലവാക്കുന്നത് കോടികളാണെന്നും കുറ്റപ്പെടുത്തി. രാജ്ഭവന്റെയും ഗവർണറുടെയും ധൂർത്ത് വെബ്‌സൈറ്റിൽ വ്യക്തമാകുമെന്നും ഈ ഗവർണറാണ് സർക്കാറിനെതിരെ ധൂർത്ത് ആരോപിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. പുലഭ്യം പറഞ്ഞ് രാജ്ഭവനെ മലിനാക്കുന്ന നടപടിയാണ് ഗവർണറുടെതെന്നും വിമർശനം ഉന്നയിച്ചു.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പോര് രൂക്ഷമാകുകയാണ്. ഗവർണറുടെ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും ശക്തമായ ഭാഷയിൽ മുഖ്യമന്ത്രി മറുപടി നൽകുന്നതോടെ വിവാദ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ പിന്നോട്ട് ഇല്ലെന്ന് വ്യക്തമായിരിക്കുകയാണ്. ഓരോ ദിവസവും കൂടുതൽ മോശമാവുകയാണ് സർക്കാർ-ഗവർണർ ബന്ധം. രാജ്ഭവനിലെ ഗവർണറുടെ വാർത്താസമ്മേളനത്തിന് അതേ നാണയത്തിൽ ആയിരുന്നു മുഖ്യമന്ത്രി കണ്ണൂരിൽ മറുപടി നൽകിയത്. ഗവർണർക്ക് ആർഎസ്എസ് വിധേയത്വം ആണെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂർത്തിമദ് ഭാവമാകരുതെന്നുമായിരുന്നു പിണറായി വിജയൻ തിരിച്ചടിച്ചത്. ഗവർണർ സംഘ പരിവാർ രാഷ്ട്രീയം കളിക്കുന്നു എന്ന പ്രചാരണം ശക്തമാക്കാനാണ് സിപിഎം തീരുമാനം.
കൊണ്ടും കൊടുത്തും സർക്കാരും ഗവർണറും മുന്നോട്ടു പോകുമ്പോൾ ഭരണ പ്രതിസന്ധിയിലേക്ക് കൂടിയാണ് കാര്യങ്ങളുടെ പോക്ക്. ഗവർണറുടെ പരിഗണന കാത്ത് 12 ബില്ലുകൾ രാജ്ഭവനിലുണ്ട്. അതിൽ പ്രധാനപ്പെട്ട രണ്ട് ബില്ലുകളിലും ഗവർണർ ഒപ്പിടില്ല. അതിനെ സർക്കാർ എങ്ങനെ മറികടക്കും എന്നതാണ് നിർണായകം. കണ്ണൂർ - കേരള വിസി മാർക്കെതിരെയുള്ള ഗവർണറുടെ നടപടികളും വൈകാതെ ഉണ്ടായേക്കും. അത് പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കും. എന്തായാലും കേരളത്തിന്റെ ചരിത്രത്തിൽ സമ്മനതകളില്ലാത്ത പോരിലേക്കാണ് ഗവർണർ സർക്കാർ തർക്കം നീങ്ങുന്നത്.
'7.63 crore received in hawala transaction'; 'Desabhimani' article with accusations against the governor