8 സർവകലാശാലകളിൽ സ്ഥിരം വി.സിമാരില്ല; ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ച് സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്
|സ്ഥിരം വൈസ് ചാൻസലർമാർ ഇല്ലാതെ ഇത്രയധികം നാൾ സർവകലാശാലകൾ പ്രവർത്തിക്കുന്നത് ഇതാദ്യമാണ്
തിരുവനന്തപുരം: സർക്കാർ-ഗവർണർ പോര് അയവില്ലാതെ തുടരുമ്പോൾ ഭരണപ്രതിസന്ധിയിലായി സർവകലാശാലകൾ. ഒരു വർഷമായി സംസ്ഥാനത്തെ എട്ട് സർവകലാശാലകൾ പ്രവർത്തിക്കുന്നത് സ്ഥിരം വി.സിമാർ ഇല്ലാതെയാണ്. സ്ഥിരം വൈസ് ചാൻസലർമാർ ഇല്ലാതെ ഇത്രയധികം നാൾ സർവകലാശാലകൾ പ്രവർത്തിക്കുന്നത് ഇതാദ്യമാണ്.
കഴിഞ്ഞ ഒക്ടോബറിലാണ് സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ പുറത്താക്കാൻ ഗവർണർ തീരുമാനിച്ചത്. സാങ്കേതിക സർവകലാശാല വി.സിയായിരുന്ന എം.എസ് രാജശ്രീയെ നീക്കം ചെയ്തുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു ചാൻസലറുടെ നീക്കം. മുൻപെങ്ങും കാണാത്ത തരത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോരിനുകൂടി ഈ ഇടപെടൽ തുടക്കമിട്ടു.
ഗവർണർക്കെതിരെ പ്രതിരോധം തീർക്കാൻ തീരുമാനിച്ച സര്‍ക്കാര്‍ വി.സി നിയമനത്തിലെ ഗവർണറുടെ അധികാരം കുറയ്ക്കുന്ന നിയമഭേദഗതി ആദ്യം തയാറാക്കി. പിന്നാലെ ചാൻസലർ സ്ഥാനത്തുനിന്നു നീക്കുന്ന ബില്ലും. ഇതു രണ്ടും ഗവർണർ അംഗീകരിക്കാതായതോടെ വി.സി നിയമനങ്ങൾ അവതാളത്തിലായി. ബിൽ അംഗീകരിക്കാത്തിടത്തോളം സെർച്ച് കമ്മിറ്റിയിലേക്ക് ആളെ നൽകേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ കാലാവധി കഴിഞ്ഞ വി.സിമാർക്കു പകരം താത്കാലിക ചുമതല നൽകിയാണ് ഇപ്പോള്‍ എട്ടു സർവകലാശാലകൾ പ്രവർത്തിക്കുന്നത്.
കേരള, സാങ്കേതിക, എം.ജി, കുസാറ്റ്, കുഫോസ്, കാർഷിക, നിയമ സർവകലാശാലകളിൽ ഒരു വർഷമായി സ്ഥിരം നാഥനില്ല. അതുകൊണ്ട് തന്നെ സർവകലാശാലാ നടപടിക്രമങ്ങൾ കൃത്യമായി നടക്കുന്നില്ലെന്ന പരാതിയും ഒരു വശത്ത് ഉയരുന്നുണ്ട്.
സെർച്ച് കമ്മിറ്റിയുടെ രൂപീകരണത്തിനുള്ള നടപടികൾ പോലും നടക്കാത്ത പശ്ചാത്തലത്തിൽ അടുത്തെങ്ങും സ്ഥിരം ചുമതലക്കാർ വരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. മറുവശത്ത് ബില്ലുകൾ തടഞ്ഞുവച്ച് ഭരണപ്രതിസന്ധി ഉണ്ടാക്കുന്നുവെന്നു കാട്ടി സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.
Summary: Eight universities in the state do not have permanent VCs! As the government-governor war continues unabated, the universities are in an administration crisis