Kerala
kollam,murder,crimenews,latest malayalam news,കൊല്ലം,വയോധികന്‍റെ മരണം കൊലപാതകം,
Kerala

കൊല്ലത്ത് കാറിടിച്ച് വയോധികന്‍ മരിച്ച സംഭവം കൊലപാതകം; ക്രൂരകൃത്യം 76 ലക്ഷം തട്ടിയെടുക്കാനെന്ന് പൊലീസ്

Web Desk
|
8 Aug 2024 4:45 AM GMT

ക്വട്ടേഷന്‍ നല്‍കിയ വനിതാ ബാങ്ക് മാനേജർ ഉൾപ്പടെ അഞ്ച് പേര്‍ പിടിയില്‍

കൊല്ലം: ആശ്രാമത്ത് വാഹനാപകടത്തിൽ 80കാരൻ മരിച്ചത് കൊലപാതകമെന്ന് പൊലീസ്. കഴിഞ്ഞ മെയ് 23നാണ് ബിഎസ്എൻഎൽ റിട്ട. ഡിവിഷനൽ എൻജിനിയറായിരുന്ന പാപ്പച്ചൻ അപകടത്തിൽ മരിച്ചത്. പാപ്പച്ചൻ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച 76ലക്ഷം തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ ബാങ്ക് മാനേജർ സരിത,ക്വട്ടേഷൻ ഏറ്റെടുത്ത അനിമോൻ ഉൾപ്പടെ അഞ്ച് പേരെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയിട്ടുണ്ട്.

കേസില്‍ പിടിയിലായ പ്രതികള്‍
കേസില്‍ പിടിയിലായ പ്രതികള്‍

അപകടമരണം എന്ന് എഴുതിത്തള്ളിയ കേസാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്.പന്തളം കുടശനാട് സ്വദേശിയായ പാപ്പച്ചൻ കൊല്ലത്തെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇയാള്‍ ബന്ധുക്കളുമായോ അയല്‍വാസികളുമായോ ബന്ധം പുലര്‍ത്തിയിരുന്നില്ല. പാപ്പച്ചന്‍റെ സമ്പാദ്യങ്ങളെക്കുറിച്ചൊന്നും ഇവര്‍ക്കൊന്നും അറിവില്ലായിരുന്നു. ഇക്കാര്യം ബാങ്ക് മാനേജര്‍ക്ക് ഉള്‍പ്പടെ അറിയാമായിരുന്നു. തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്.ഇതിനായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ അനിക്ക് കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. പാപ്പച്ചൻ്റെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ സരിത പിൻവലിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത പാപ്പച്ചനെ പ്രശ്നം പരിഹരിക്കാനായി ആശ്രാമം ഗസ്റ്റ് ഹൗസ് ഭാഗത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു.സ്ഥിരമായി സൈക്കിളില്‍ പോകുന്നയാളാണ് പാപ്പച്ചന്‍. ഇത് മനസിലാക്കിയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

സൈക്കിളില്‍ പോകുകയായിരുന്ന പാപ്പച്ചനെ അനിമോന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തി. അപകടം നടന്നതിന് പിന്നാലെ കാര്‍ നിര്‍ത്താതെ പോയത് പൊലീസില്‍ സംശയം ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിക്ഷേപ തുകയായ 76 ലക്ഷത്തില്‍ നിന്ന് 40 ലക്ഷം രൂപ മറ്റ് അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയത്. ബാങ്ക് മാനേജരെ ഉള്‍പ്പടെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവും പണം തട്ടിയെടുക്കാനുള്ള ശ്രമവുമെല്ലാം പ്രതികള്‍ സമ്മതിച്ചത്. രണ്ടു ലക്ഷം രൂപക്കാണ് ക്വട്ടേഷന്‍ നല്‍കിയിരുന്നെങ്കിലും അനി മോന്‍ പല ഘട്ടങ്ങളിലായി പ്രതികളെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷത്തോളം രൂപ വാങ്ങിയെന്നും ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Similar Posts