മലബാറിൽ പ്ലസ് വൺ പ്രവേശനം ലഭിക്കാത്തത് 83,133 കുട്ടികൾക്ക്, മലപ്പുറത്ത് മാത്രം 31,482 പേർ പുറത്ത് ; പുതിയ കണക്ക് പുറത്ത്
|വിദ്യാഭ്യാസ മന്ത്രിയുടെ കണക്കുകളെ തള്ളുന്നതാണ് ഹയർ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റ പുതിയ കണക്കുകൾ
മലപ്പുറം: മലബാറിൽ 83,133 കുട്ടികൾക്ക് ഇതുവരെ പ്ലസ് വൺ പ്രവേശനം ലഭിച്ചില്ലെന്ന് ഹയർ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റ കണക്കുകള്‍. മലപ്പുറത്ത് മാത്രം 31,482 കുട്ടികൾക്ക് പ്രവേശനം ലഭിച്ചില്ല. പാലക്കാട് 17,399 ഉം കോഴിക്കോട് 16101 പേർക്കും അഡ്മിഷൻ ലഭിച്ചില്ല.വിദ്യാഭ്യാസ മന്ത്രിയുടെ കണക്കുകളെ തള്ളുന്നതാണ് ഹയർ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റ പുതിയ കണക്കുകൾ.
മെറിറ്റ് സീറ്റ്, അൺ എയ്ഡഡ് സീറ്റുകൾ , മാനേജ്മെൻ്റ് ക്വാട്ട , കമ്മ്യൂണിറ്റി ക്വാട്ട , സ്പോട്സ് ക്വാട്ട , MRS ക്വാട്ട എന്നിവയിൽ പ്രവേശനം നേടിയവരുടെതടക്കമുള്ള കണക്കാണ് പുറത്ത് വിട്ടത്. പുതിയ ലിസ്റ്റിൽ ഒരോ ഇനത്തിലും എത്ര ഒഴിവുണ്ടെന്ന് രേഖപെടുത്തിയിട്ടില്ല.
മലപ്പുറത്ത് 49,906 പ്ലസ് വൺ സീറ്റുകളിൽ ഇതുവരെ പ്രവേശനം നേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞദിവസം പറഞ്ഞത്. 10,897 പേർ അലോട്ട്മെന്റ് കിട്ടിയിട്ടും പ്രവേശനം നേടിയിട്ടില്ല. എം.എസ്.എഫ് നടത്തുന്നത് പ്ലാൻ ചെയ്ത സമരമാണെന്നും വിഷയം മാധ്യമങ്ങൾ പർവതീകരിച്ച് ചിത്രീകരിക്കുന്നെന്നും 14,037 പേർ മാത്രമാണ് മലപ്പറുത്ത് ഇനി പ്ലസ്വണിന് അഡ്മിഷൻ കാത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ എസ്.എഫ്.ഐ നാളെ മുതൽ സമരം തുടങ്ങും. 11 മണിക്ക് മലപ്പുറം കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തും. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അവർത്തിക്കുന്നതിനിടെയാണ് എസ്.എഫ്.ഐ മാർച്ച് പ്രഖ്യാപിച്ചത്.