Kerala
Kerala

'ഞങ്ങടെ ബസ് നല്ല സ്പീഡിൽ വന്നു, കെ.എസ്.ആർ.ടി.സി യെ വെട്ടിക്കാൻ നോക്കിയപ്പോൾ ഇടിച്ചു' ; അപകടത്തിന്‍റെ ഞെട്ടൽ മാറാതെ വിദ്യാർത്ഥികൾ

Web Desk
|
6 Oct 2022 6:49 AM GMT

'ബസിന്‍റെ മണ്ടക്ക് കേറി രണ്ട് മൂന്ന് പേരെ വലിച്ചെടുത്തു. ചിലരൊക്കെ സീറ്റിൻറെ അടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു.'

പാലക്കാട്: 'ആറു മണിക്കെത്തേണ്ട ബസ് 6:45 നാണ് എത്തിയത്. ഏഴു മണിയായി ബസ് എടുത്തപ്പോൾ. ഹൈവേ എത്തിയപ്പോൾ ബസിന്‍റെ സ്പീഡ് കൂടിയിരുന്നു. ഞാൻ ഉറങ്ങീട്ടില്ലായിരുന്നു, സിനിമ കണ്ടിരിക്കുകയായിരുന്നു. ഞങ്ങടെ ബസിന്‍റെ മുന്നിൽ ഒരു കെ എസ് ആർ ടി സി ബസ് ഉണ്ടായിരുന്നു, അതിനെ വെട്ടിച്ചുപോവാൻ നോക്കിയപ്പോൾ ഞങ്ങടെ ബസ് ചെന്ന് ഇടിച്ച് തിരിഞ്ഞ് വീഴുകയായിരുന്നു. എല്ലാവർക്കും പരിക്കുണ്ട് . അഞ്ചാറു പേരാണ് പരിക്കില്ലാണ്ട് രക്ഷപ്പെട്ടത്.' - വടക്കഞ്ചേരി ബസ് അപകടത്തിൽനിന്ന് രക്ഷപ്പെട്ട വിദ്യാർത്ഥികളുടെ ഞെട്ടൽ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. സുഹൃത്തുക്കളുടെ മരണം കൺമുമ്പിൽ കണ്ട ആഘാതത്തിലാണവർ.

വടക്കഞ്ചേരിയിൽ ഇന്നലെ അർധരാത്രി ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ചു വിദ്യാർത്ഥികളുൾപ്പെടെ ഒമ്പതു പേരാണ് മരിച്ചത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് പുറപ്പെട്ട ടൂറിസ്‌റ് ബസാണ് അപകടത്തിൽപ്പെട്ടത്. നാൽപ്പതോളം പേർക്ക് പരിക്കേറ്റു.

'മണ്ണും ചില്ലും തെറിച്ചിട്ട് ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. ബസ് മറിഞ്ഞപ്പോ തന്നെ എമർജൻസി എക്‌സിറ്റ് തുറന്നു വന്നിരുന്നു , പ്ലസ്ടുവിന് പഠിക്കുന്ന ഒരു ചേട്ടൻ അതിലൂടെ ചാടി, അതിന്‍റെ പിറകെ ഞങ്ങളും രക്ഷപ്പെട്ടു. എന്നിട്ട് ബാക്കിയുള്ളോരെ വലിച്ചെടുത്ത് രക്ഷിക്കാൻ നോക്കി. ബസിൻറെ മണ്ടക്ക് കേറി രണ്ട് മൂന്ന് പേരെ വലിച്ചെടുത്തു. ചിലരൊക്കെ സീറ്റിന്‍റെ അടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു. അവർക്ക് ഭയങ്കര സീരിയസായി ആശുപത്രിയിൽ കൊണ്ടുപോയി. ബസിൻറെ മുന്നിലുള്ളോർക്ക് ഭയങ്കര കൊഴപ്പാണ് , അതിൻറെ ബാക്കിൽ ചെന്നാണ് ഇടിച്ചത് മുന്നിൽ പെൺകുട്ടികളായിരുന്നു അതിലൊരാൾ മരിച്ചിട്ടുണ്ട്. ബാക്കിലുള്ള ഒരു കൂട്ടുകാരനും മരിച്ചിട്ടുണ്ട്.'- ഒരു വിദ്യാർത്ഥി മീഡിയവണിനോട് പറഞ്ഞു.

'ഞാൻ ഉറങ്ങുകയായിരുന്നു. കണ്ണു തുറന്നപ്പോൾ ഒരു ചേട്ടൻ എന്‍റെ മുന്നിൽ ഉണ്ടായിരുന്നു. എൻറെ അടിയിലും രണ്ട് പിള്ളേരുണ്ടായിരുന്നു, അവർ രണ്ടാളും സേഫാണ്,' വിദ്യാർഥികളിലൊരാൾ പറഞ്ഞു. 'എന്നെ ഇപ്പോ ഡിസ്ചാർജ് ചെയ്‌തേയുള്ളു. ഒരാളിവിടെയും മറ്റെയാൾ വെറൊരു ഹോസ്പിറ്റലിലും ഉണ്ട്. എൻറെ കൂട്ടുകാരൊക്കെ സേഫാണ്' - മറ്റൊരാൾ പറഞ്ഞു. 'ഞാൻ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയും ബാക്കിയുള്ളോര് സിനിമ കാണുകയുമായിരുന്നു, ബസ് മറിഞ്ഞു വീണ ശബ്ദം കേട്ടാണ് എഴുന്നേറ്റത്. ഞങ്ങളപ്പോൾ തന്നെ ചാടിയിറങ്ങി. വണ്ടി നല്ല സ്പീഡിലായിരുന്നു''.- മറ്റൊരു വിദ്യാർത്ഥിയുടെ വാക്കുകൾ.

സ്‌കൂളിലെ അധ്യാപകനായ വിഷ്ണു വി.കെ.(33) ,വിദ്യാർഥികളായ അഞ്ജന അജിത് (16),ഇമ്മാനുവൽ.സി.എസ് (16),ക്രിസ്വിന്റർ ബോൺ തോമസ് (16),ദിയ രാജേഷ് (16),എൽനാ ജോസ് 15), കെ.എസ്.ആർ.ടി.സിയിലെ യാത്രക്കാരായ രോഹിത് രാജ് (24 ),അനൂപ് (24), ദീപു (25) എന്നിവരാണ് മരിച്ചത്. 37 വിദ്യാർഥികളും 5 അധ്യാപകരും 2 ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. പാലക്കാട് -തൃശൂർ ദേശീയ പാതയിൽ അഞ്ചുമൂർത്തി മംഗലത്താണ് അപകടം നടന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടിണ്ട്.


Similar Posts