Kerala
Wild Elephant representative image
Kerala

കാട്ടുകലിക്ക് പരിഹാരമില്ലേ? ; കാട്ടാന ആക്രമണത്തില്‍ ഈ വര്‍ഷം കൊല്ലപ്പെട്ടത് 9 പേര്‍

Web Desk
|
6 March 2024 6:55 AM GMT

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3 പേര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടു

കോഴിക്കോട്: കേരളത്തില്‍ ദിനംപ്രതി വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3 പേര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വനമേഖല പ്രദേശങ്ങളില്‍ മാത്രമല്ല ആക്രമണം ഉണ്ടാകുന്നത്. ഇന്ന് മലപ്പുറം മഞ്ചേരിയില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ കൊല്ലപ്പെട്ടു. കാരക്കുന്നം പഴേടം സ്വദേശി ഷഫീഖാണ് മരിച്ചത്. തൃശ്ശൂര്‍ പെങ്ങല്‍ കുത്തില്‍ കാട്ടാന ആക്രമണത്തില്‍ വാച്ച്മരം ഊര് മൂപ്പന്റെ ഭാര്യ വത്സല കൊല്ലപ്പെട്ടു. കോഴിക്കോട് കാട്ടുപോത്താക്രമണത്തില്‍ മരിച്ചത് കക്കയം സ്വദേശി എബ്രഹാം. ഈ വര്‍ഷം കാട്ടാന ആക്രമണത്തില്‍ 9 പേരാണ് കൊല്ലപ്പെട്ടത്.

സമീപ ദിസസങ്ങളില്‍ ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണം വയനാട്ടില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. 43 വര്‍ഷത്തിനിടെ വയനാട്ടില്‍ 152 പേരാണ് വന്യജീവി ആക്രണത്തില്‍ കൊല്ലപ്പെട്ടത്. അവസാന പത്തുവര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ പത്തുവര്‍ഷത്തില്‍ വന്യജീവി ആക്രമണത്തില്‍ കെല്ലപ്പെട്ടവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു.

കാട്ടാന ആക്രമണത്തില്‍ 43 പേരും കടുവ ആക്രമണത്തില്‍ 7 പേരും കാട്ടുപോത്താക്രമണത്തില്‍ 2-ഉം കാട്ടുപന്നി ആക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷം 3 പേരാണ് കാട്ടാന ആക്രമണത്തില്‍ കെല്ലപ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരി 9 ന് ചാലികതയില്‍ പനച്ചില്‍ അജി ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വീട്ടില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ഫെബ്രുവരി 16 ന് വാച്ചര്‍ പോള്‍ ജോലിസ്ഥലത്ത് വെച്ച് കാട്ടാന ആക്രമണത്തിന് ഇരയായി. ജനുവരി 29 ന് ലക്ഷ്മണ്‍ എന്നയാളും ജോലിസ്ഥലത്ത് വെച്ച് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 9 ന് കടുവ ആക്രമണത്തില്‍ മൂടക്കൊല്ലി പ്രജീഷ് കൊല്ലപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ലക്ഷ്മണിന്റെ മരണം.

പകല്‍ വെളിച്ചത്തിലാണ് ഈ ആക്രമണങ്ങളൊക്കെയും നടക്കുന്നത്. കാടുകള്‍ വിട്ട് ജനവാസ മേഖലകളിലാണ് വന്യജീവി ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ അധികാരികള്‍ക്ക് ഇതുവരെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലായെന്നത് നിരാശാജനകമാണ്. വന്യജീവി ആക്രമണങ്ങളില്‍ വനം വകുപ്പ് പരാജയമാണെന്ന പ്രതിഷേധങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.

Similar Posts