Kerala
Forest department official injured while chasing elephant,latest newsആനയെ തുരത്തുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്
Kerala

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ 9 ദ്രുത പ്രതികരണ സംഘങ്ങൾ

Web Desk
|
29 May 2024 7:38 AM GMT

9 തസ്തികകള്‍ വീതം സൃഷ്ടിക്കും

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി വനം വന്യജീവി വകുപ്പില്‍ 9 ദ്രുത പ്രതികരണ സംഘങ്ങൾ (ആർ.ആര്‍.ടി) രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന്‍റെ നടത്തിപ്പിനായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ് ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവയുടെ 9 തസ്തികകള്‍ വീതം സൃഷ്ടിക്കാനും അനുമതി നല്‍കി.

തിരുവനന്തപുരം ഡിവിഷനില്‍ പാലോട്, പുനലൂര്‍ ഡിവിഷനില്‍ തെന്മല, കോട്ടയം ഡിവിഷനില്‍ വണ്ടന്‍പതാല്‍, മാങ്കുളം ഡിവിഷനില്‍ കടലാര്‍, കോതമംഗലം ഡിവിഷനില്‍ കോതമംഗലം എന്നിവിടങ്ങളിലും ചാലക്കുടി ഡിവിഷനില്‍ പാലപ്പിള്ളി, നെന്മാറ ഡിവിഷനില്‍ കൊല്ലങ്കോട്, നിലമ്പൂര്‍ സൗത്ത് ഡിവിഷനില്‍ കരുവാരക്കുണ്ട്, നോര്‍ത്ത് വയനാട് ഡിവിഷനില്‍ മാനന്തവാടി എന്നിവിടങ്ങളിലുമാണ് പുതുതായി രൂപീകരിക്കുന്ന ആർ.ആര്‍.ടികള്‍.

റവന്യു വകുപ്പിന് കീഴില്‍ ലാന്‍‌ഡ് ബോര്‍ഡിന്‍റെ നിയന്ത്രണത്തില്‍ തുടര്‍ച്ചാനുമതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ ഓഫീസുകളിലെ 688 താല്‍ക്കാലിക തസ്തികകള്‍ക്ക് 01.01.2024 മുതല്‍ 31.12.2024 വരെ തുടര്‍ച്ചാനുമതി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലായ ടി.എ. ഷാജിയെ കേരള ഹൈക്കോടതിയില്‍ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിക്കും. 02.06.2024 മുതല്‍ 3 വര്‍ഷത്തേക്കാണ് നിയമനം.

Similar Posts