ആറ് മാസത്തിനിടെ കൊല്ലപ്പെട്ടത് ഒമ്പത് സ്ത്രീകൾ; യു.പിയിലെ സീരിയൽ കില്ലർക്കായി ലുക്ക് ഔട്ട് നോട്ടീസ്
|50നും 65നും ഇടയിൽ പ്രായമുള്ളവരാണ് ഇരകൾ. എല്ലാ സ്ത്രീകളെയും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
ലഖ്നൗ: ആറ് മാസത്തിനിടെ കൊല്ലപ്പെട്ടത് ഒമ്പത് സ്ത്രീകൾ. കൊലപാതക പരമ്പരയ്ക്ക് പിന്നിൽ സീരിയൽ കില്ലറാണെന്ന നിഗമനത്തിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. യു.പിയിലെ ബറേലിയിലാണ് സംഭവം. ഈ വർഷം ജൂൺ മുതലാണ് നഗരത്തിൽ ഒമ്പത് സ്ത്രീകൾ കൊല്ലപ്പെട്ടത്. തുടർച്ചയായി കൊലപാതകം അരങ്ങേറുന്ന സാഹചര്യത്തിൽ സ്ത്രീകൾ ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കരുതെന്ന് പൊലീസ് നിർദേശം നൽകി.
നഗരത്തിലെ ഷാഹി, ഫത്തേഹ്ഗഞ്ച് വെസ്റ്റ്, ഷീഷ്ഗഡ് പ്രദേശങ്ങളിലാണ് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തത്. 50നും 65നും ഇടയിൽ പ്രായമുള്ളവരാണ് ഇരകൾ. എല്ലാ സ്ത്രീകളെയും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ശേഷം പാടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇവയിലൊരു മൃതദേഹത്തിലും കൊള്ളയടിക്കാനുള്ള ശ്രമത്തിന്റെയോ ലൈംഗികാതിക്രമത്തിന്റെയോ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
55 വയസ്സുള്ള അമ്മ വയലിൽ നിന്ന് ഏറെ നേരമായിട്ടും മടങ്ങിവരാത്തതിനെ തുടർന്ന് തന്റെ കുടുംബം തെരച്ചിൽ നടത്തുകയും പരാതി നൽകുകയും ചെയ്തെന്നും തുടർന്ന് പിറ്റേന്ന് രാവിലെ കരിമ്പുപാടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും കൊല്ലപ്പെട്ട സ്ത്രീകളിലൊരാളുടെ മകൾ പറഞ്ഞു.
അതേസമയം, പ്രതിയെ പിടികൂടാനായി എട്ടംഗ സംഘത്തെ പൊലീസ് രൂപീകരിച്ചിട്ടുണ്ട്. നഗരത്തിലുടനീളം പട്രോളിങ്ങും വർധിപ്പിച്ചു. കൊല്ലപ്പെട്ട ചില സ്ത്രീകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അത് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും ബറേലി പൊലീസ് സൂപ്രണ്ട് അറിയിച്ചു.