നാലര വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 96 വർഷം കഠിന തടവ്
|നാലര ലക്ഷം രൂപ പിഴയും വിധിച്ചു
കോഴിക്കോട്: നാലര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 96 വർഷം കഠിന തടവ് വിധിച്ച് കോഴിക്കോട് പോക്സോ കോടതി. കോഴിക്കോട് പാറപ്പുറത്ത് മീത്തൽ കെ. സന്തോഷിനെ (54) ആണ് കോടതി ശിക്ഷിച്ചത്. നാലര ലക്ഷം രൂപ പിഴയും പോക്സോ കോടതി വിധിച്ചു.
2020 സെപ്റ്റംബർ 29നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി കളിക്കാൻ പ്രതിയുടെ വീട്ടിൽ പോയ അവസരത്തിലാണ് പീഡിപ്പിച്ചത്.
പിഴത്തുകയിൽനിന്ന് 4,00,000 രൂപ പെൺകുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ നാല് വർഷവും ആറ് മാസവും കൂടി തടവ് അനുഭവിക്കേണ്ടി വരുമെന്ന് കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതി.
മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ എസ്.ഐ കെ. മുരളീധരൻ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ബിനു തോമസ് അന്വേഷണം നടത്തി. എസ്.ഐമാരായ റീത, ഉണ്ണിനാരായണൻ, മനോജ് കുമാർ, രാജേന്ദ്രൻ, സി.പി.ഒ വിനോദ്, എസ്.സി.പി.ഒ സന്ധ്യ ജോർജ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഇൻസ്പെക്ടർ എൻ.വി. ദാസൻ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. ആർ.എൻ. രഞ്ജിത്ത് ഹാജരായി. സിവിൽ പൊലീസ് ഓഫീസർമാരായ വി.സി. സിന്ദു, എം.സി. ബിജു എന്നിവർ പ്രോസിക്യൂഷൻ നടപടി ഏകോപിപ്പിച്ചു.