സംസ്ഥാനത്ത്18 വയസിന് മുകളിലുള്ളവര്‍ക്കുള്ള ആദ്യ ഡോസ് വാക്സിനേഷന്‍ 98 % കടന്നു
|15 മുതല്‍ 18 വരെ പ്രായമുള്ള 2 ലക്ഷത്തിലധികം കുട്ടികള്‍ക്കാണ് ഇതുവരെ വാക്സിന്‍ നല്‍കിയത്
സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള ആദ്യ ഡോസ് വാക്സിനേഷന്‍ 98 ശതമാനം കടന്നു. 81 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കി. 15 മുതല്‍ 18 വരെ പ്രായമുള്ള 2 ലക്ഷത്തിലധികം കുട്ടികള്‍ക്കാണ് ഇതുവരെ വാക്സിന്‍ നല്‍കിയത്.
ഒമിക്രോണ്‍ രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തില്‍ എത്രയും വേഗം എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുകയാണ് ആരോഗ്യവകുപ്പിന്‍റെ ലക്ഷ്യം. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,80,17,883 ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കി. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ ജില്ലകള്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. കുട്ടികളുടെ വാക്സിനേഷന്‍ സംബന്ധിച്ചും ഊര്‍ജിതമായി തന്നെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. ആകെ 2,15,515 കുട്ടികള്‍ക്കാണ് ഇതുവരെ വാക്സിന്‍ നല്‍കിയത്.
കുട്ടികള്‍ക്കായി 677 കേന്ദ്രങ്ങളും 18 വയസിന് മുകളിലുള്ളവര്‍ക്ക് വേണ്ടി 917 കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 1594 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നു. ജനുവരി 10 വരെ നടക്കുന്ന വാക്‌സിനേഷന്‍ യജ്ഞത്തിന്‍റെ ഭാഗമായി ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ചൊവ്വ, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്ക് വാക്സിന്‍ ലഭിക്കും.