അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 14കാരന്‍ ഇന്ന് ആശുപത്രി വിട്ടേക്കും
|കുട്ടിയുടെ രണ്ടാമത്തെ പി സി ആർ പരിശോധന ഫലം നെഗറ്റീവായിരുന്നു
കോഴിക്കോട്: കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിക്കോടി സ്വദേശിയായ 14 വയസുകാരൻ ഇന്ന് ആശുപത്രി വിട്ടേക്കും. കുട്ടി ആരോഗ്യനില വീണ്ടെടുത്തു. കുട്ടിയുടെ രണ്ടാമത്തെ പി സി ആർ പരിശോധന ഫലം നെഗറ്റീവായിരുന്നു . രോഗം പോസിറ്റീവ് ആയ ആൾക്ക് ഭേദമാകുന്നത് ഇന്ത്യയിൽ ഇത് ആദ്യമായാണ്.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്ന് പേരും മഞ്ചേരി മെഡിക്കൽ കോളജിൽ നാലുപേരും ചികിത്സയിലുണ്ട്. ഇതിലൊരാൾക്ക് ഐസിയു സപ്പോർട്ടുണ്ട്. നിരീക്ഷണത്തിലുള്ളതിൽ വൈറൽ പനിയുള്ളയാളുടെ സാമ്പിൾ പരിശോധനയ്ക്കുമയച്ചു. സംസ്ഥാനം ആവശ്യപ്പെട്ടത് പ്രകാരം മോണോ ക്ലോണൽ ആന്റിബോഡി ആസ്‌ട്രേലിയയിൽ നിന്നെത്തിച്ചിരുന്നു.
അതേസമയം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 14കാരൻ മരിച്ചതോടെ കേരളത്തിൽ ഇതുവരെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. 2018ൽ ആദ്യമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആറ് വർഷങ്ങളിലായി 12 വയസുകാരനുൾപ്പടെയാണ് നിപയ്ക്ക് കീഴടങ്ങിയത്.സമ്പർക്കപ്പട്ടികയിലുള്ളവർ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നിപ ലക്ഷണങ്ങളുള്ളവർ കുറവാണെന്നത് ആശ്വാസകരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഐസൊലേഷനിൽ ഉള്ളവരുടെ ഫലം പോസിറ്റീവാണെങ്കിൽ കൂടിയും കോഴിക്കോട് മെഡിക്കൽ കോളജ് നിപ ചികിത്സയ്ക്ക് സജ്ജമായതാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. 14കാരന് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തന്നെ പേവാർഡ് പെട്ടെന്ന് തന്നെ ഐസൊലേഷൻ വാർഡാക്കി മാറ്റുകയും എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ജീവനക്കാരെ ഉൾപ്പെടുത്തി പ്രത്യേക ടീം രൂപീകരിക്കുകയും ചെയ്തിരുന്നു.