ചിലർ ഡിവൈഎഫ്ഐയുടെ മുഖാവരണം എടുത്തണിയുന്നു, ശുദ്ധാത്മക്കളായ സഖാക്കളില്‍ പലരും അവരുമായി ബന്ധം വെയ്ക്കുന്നു: എ എ റഹീം
|'സമൂഹ മാധ്യമങ്ങളിലെ ഇവരുടെ റീച്ച് കണ്ടാല്‍ ഇവര്‍ ഡിവൈഎഫ്ഐയുടെ സമുന്നരായ നേതാക്കളാണെന്ന് തോന്നും'
രാമനാട്ടുകര സ്വര്‍ണ കവര്‍ച്ച കേസിലെ ക്വട്ടേഷൻ സംഘവുമായി ഡിവൈഎഫ്ഐക്ക് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചരണം നടക്കുന്നു. ചിലർ ഡിവൈഎഫ്ഐയുടെ മുഖാവരണം എടുത്തണിയുന്നുവെന്നും റഹീം മീഡിയവണിനോട് പറഞ്ഞു.
തെറ്റായ പ്രവണതകള്‍ കണ്ണൂരിലെ ചില കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ഡിവൈഎഫ്ഐയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 2021 ഫെബ്രുവരി മാസം അഞ്ചിന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിരുന്നുവെന്നും റഹീം പറഞ്ഞു. പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു- "നാടിന്റെ മുന്നേറ്റത്തില്‍ ചാലക ശക്തിയാവേണ്ട യുവാക്കളില്‍ ചിലര്‍ ലഹരി മാഫിയാ, ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത് ആശങ്കാജനകമാണ്. ഇത്തരം സാമൂഹ്യ വിരുദ്ധ സംഘങ്ങള്‍ക്കതിരെ ജാഗ്രത പുലര്‍ത്തണം. ഈ നിലയില്‍ ക്വട്ടേഷന്‍ സംഘങ്ങളില്‍ ഉള്‍പ്പെട്ട ചിലര്‍ നവമാധ്യമങ്ങളിലൂടെ പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവരാണെന്ന് തോന്നിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്തരക്കാരെ തിരിച്ചറിയുകയും അത്തരം പ്രവണതകള്‍ മുളയിലേ നുള്ളുകയും ചെയ്യുകയെന്നത് ഏറ്റവും പ്രധാനമാണ്. അത്തരക്കാരെ എല്ലാ പ്രസ്ഥാനങ്ങളും അകറ്റിനിര്‍ത്തണം".
ചിലരെല്ലാം സ്വയം ഡിവൈഎഫ്ഐയുടെ മുഖാവരണം എടുത്തണിയുകയാണെന്നും റഹീം വിശദീകരിച്ചു. ഡിവൈഎഫ്ഐ കമ്മിറ്റിയുടെ ഒരു ഘടകത്തിലും ആരോപണവിധേയര്‍ അംഗങ്ങളല്ല. സമൂഹ മാധ്യമങ്ങളിലെ ഇവരുടെ റീച്ച് കണ്ടാല്‍ ഇവര്‍ ഡിവൈഎഫ്ഐയുടെ സമുന്നരായ നേതാക്കളാണെന്ന് തോന്നും. അങ്ങനെ തോന്നിപ്പിക്കാന്‍ കഴിയും വിധമാണ് അവരുടെ ക്യാമ്പെയിന്. അവര്‍ വലിയ നേതാക്കളാണെന്ന് കരുതി ശുദ്ധാത്മക്കളായ ഡിവൈഎഫ്ഐ സഖാക്കളില്‍ പലരും അവരുമായി ബന്ധം വെയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ ക്യാമ്പെയിന് നടത്തിയത്. ഇത്തരം പ്രവണതകള്‍ക്കെതിരെ ശബ്ദിക്കുമ്പോള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്ലെന്നും റഹീം വിമര്‍ശിച്ചു.