കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസ്; എ.സി മൊയ്തീൻ ഇന്ന് ഇ.ഡിക്കു മുന്നില്‍ ഹാജരായേക്കും
|മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളുടെയും സാമ്പത്തിക ഇടപാടുകളുടെയും കൂടുതൽ രേഖകൾ ഹാജരാക്കാനും നിർദേശമുണ്ട്
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മുൻ മന്ത്രി എ.സി മൊയ്തീൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ വീണ്ടും ഹാജരായേക്കും. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളുടെയും സാമ്പത്തിക ഇടപാടുകളുടെയും കൂടുതൽ രേഖകൾ ഹാജരാക്കാനും നിർദേശമുണ്ട്.
കഴിഞ്ഞ തവണ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ മൊയ്തീൻ സമർപ്പിച്ച രേഖകൾ അപൂർണമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി മൊയ്തീന് വീണ്ടും നോട്ടീസ് നൽകിയത്. ബാങ്കിൽ നിന്ന് ബെനാമി ലോണുകൾ അനുവദിക്കാൻ നിർദ്ദേശം നൽകിക്കൊണ്ട് എസി മൊയ്തീൻ സാമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. മൊയ്തീനും കേസിൽ ഒന്നാംപ്രതിയായ സതീഷ് കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും ഇ.ഡിയുടെ പരിശോധനകൾ തുടരുകയാണ്.
അതേസമയം കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തൃശൂരും കൊച്ചിയിലും ഇ.ഡി റെയ്ഡ് നടന്നു. വിവിധ സഹകരണ ബാങ്കുകളിലും ഒന്നാം പ്രതി സതീഷ് കുമാറിന്റെ ബിനാമിയെന്ന് സംശയിക്കുന്നവരുടെ വീടുകളിലുമാണ് റെയ്ഡ്. പരിശോധന നടക്കുന്ന തൃശൂര്‍ സർവീസ് സഹകരണ ബാങ്കിലേക്ക് കേരള വൈസ് പ്രസിഡന്റ് എം.കെ കണ്ണനെ ഇ.ഡി വിളിച്ചു വരുത്തി.
തൃശൂര്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇ.ഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സതീഷ് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. നിരവധി തവണ 50,000 രൂപ വെച്ച് 25ലേറെ തവണ ഇടപാടുകള്‍ എത്തിയെന്നത് അടക്കമുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. ഈ അക്കൗണ്ടുകള്‍ വഴി നടന്ന ഇടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായാണ് അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇ.ഡി പരിശോധന നടത്തിയത്.