Kerala
അണുനാശിനി കുടിച്ച സംഭവം; ഗ്രീഷ്മക്കെതിരെ കേസെടുത്തു
Kerala

അണുനാശിനി കുടിച്ച സംഭവം; ഗ്രീഷ്മക്കെതിരെ കേസെടുത്തു

ijas
|
1 Nov 2022 3:30 AM GMT

ഷാരോൺ രാജ് കൊലക്കേസിൽ ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്‍റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലക്കേസിൽ പ്രധാന പ്രതിയായ ഗ്രീഷ്മക്കെതിരെ ആത്മഹത്യ ശ്രമത്തിന് പൊലീസ് കേസെടുത്തു. നെടുമങ്ങാട് പൊലീസ് ആണ് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വെച്ച് ഗ്രീഷ്മ ലൈസോള്‍ കുടിച്ച് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഛര്‍ദിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ അപകടനില തരണം ചെയ്യുകയായിരുന്നു. ആത്മഹത്യാ ശ്രമം നടത്തിയ ഗ്രീഷ്മയുടെ ആരോഗ്യ സ്ഥിതി നോക്കി ആശുപത്രി സെല്ലിലേക്കോ ജയിലിലേക്കോ മാറ്റാനിടയുണ്ട്. ഗ്രീഷ്മയെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ പൊലീസ് നെയ്യാറ്റിൻകര കോടതിയിൽ നൽകും.

അതേ സമയം ഷാരോൺ രാജ് കൊലക്കേസിൽ ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്‍റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് ഗ്രീഷ്മ ആർ.നായരുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെ പ്രതി ചേർത്തത്. അച്ഛനെയും മറ്റൊരു ബന്ധുവിനെയും ഒരു വട്ടം കൂടി ചോദ്യം ചെയ്യും. ഇവർക്കും തെളിവ് നശിപ്പിച്ചതിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഗ്രീഷ്മയുടെ അമ്മയെ പൊലീസ് എസ്.പി ഓഫീസിൽ എത്തിച്ചിട്ടുണ്ട്. അമ്മയെയും അമ്മാവനെയും ഇന്ന് രാമവർമൻ ചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തേക്കും.

14 തീയതി ഗ്രീഷ്മയുടെ വീട്ടിൽ പോയ സമയം ഷാരോൺ രാജ് ധരിച്ച വസ്ത്രം കുടുംബം കൈമാറും. ഇത് ഇന്നു തന്നെ ഫോറൻസിക് പരിശോധനക്ക് അയക്കും. ഷാരോണിന്‍റെ ഫോണും ശാസ്ത്രീയ പരിശോധനക്ക് അയക്കും. ആയിരത്തിലധികം വാട്ട്സ് ആപ്പ് ചാറ്റുകൾ കൈവശമുണ്ടെന്ന് ഷാരോണിന്‍റെ അച്ഛൻ ജയരാജ് പറഞ്ഞു. ഇതുവരെയുള്ള അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് ഷാരോണിന്‍റെ പിതാവ് ജയരാജ് മീഡിയ വണിനോട് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്താൽ ഗ്രീഷ്മയുടെ അച്ഛനും പ്രതിയാകുമെന്നും ജയരാജ് കൂട്ടിച്ചേര്‍ത്തു.

Similar Posts