വിദ്യാർഥിക്ക് കഞ്ചാവ് കൈമാറാൻ ശ്രമം; നാസറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു
|മയക്കുമരുന്നിൽ നിന്നും മോചിതനായ വിദ്യാർഥിയുടെ പിതാവാണ് ഇയാളെ കുടുക്കിയത്
കോഴിക്കോട്: വിദ്യാർഥിക്ക് കഞ്ചാവ് കൈമാറാൻ ശ്രമിച്ച കേസിലെ പ്രതി അൻസാർ എന്ന നാസറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് 77, കുട്ടികൾക്ക് ലഹരി പദാർത്ഥങ്ങൾ നൽകൽ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. കഞ്ചാവ് കൈവശം വെച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കോഴിക്കോട് നഗരത്തിൽ വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽക്കുന്നയാളെ ആസൂത്രിതമായാണ് ഇന്നലെ കുടുക്കിയത്. മയക്കുമരുന്നിൽ നിന്നും മോചിതനായ വിദ്യാർഥിയുടെ പിതാവ് ആണ് ഇയാളെ കുടുക്കിയത്. വിൽപ്പനക്കാരനെ കഞ്ചാവ് വാങ്ങാനെന്ന വ്യാജേനെ കുട്ടിയെക്കൊണ്ട് വിളിച്ചുവരുത്തി പിടികൂടി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു.
നർക്കോട്ടിക് സെല്ലും പൊലീസും ഏറെനാളായി അന്വേഷിക്കുന്നയാളാണ് നാസർ. മുപ്പത്തി അഞ്ചോളം പരാതികളാണ് ഇയാളുമായി ബന്ധപ്പെട്ട് നർക്കോട്ടിക് സെല്ലിന് ലഭിച്ചത്. എന്നാൽ ഇയാളുടെ പക്കൽനിന്ന് മതിയായ തെളിവുകളൊന്നും ലഭിക്കാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ സാധിച്ചിരുന്നില്ല. എന്നാൽ ലഹരി ഉപയോഗത്തിൽ നിന്ന് മുക്തനായ വിദ്യാർഥിയുടെ പിതാവ് ആസൂത്രിതമായി നടത്തിയ ഓപ്പറേഷനിലൂടെ ഇയാളെ പിടികൂടുകയായിരുന്നു.
നാട്ടുകാർ ഉൾപ്പെടെയുള്ളവരുടെ സഹായത്താല്‍ തളി ക്ഷേത്രപരിസരത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കസബ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.