Kerala
Doctor attacked kozhikode

Doctor attacked

Kerala

കോഴിക്കോട് ഡോക്ടറെ മർദിച്ച സംഭവത്തിൽ ആറുപേർക്കെതിരെ കേസ്

Web Desk
|
5 March 2023 3:24 AM GMT

രോഗിക്ക് ചികിത്സ വൈകിയെന്ന് ആരോപിച്ച് മുതിർന്ന ഹൃദ്രോഗ വിദഗ്ധനായ ഡോ. പി.കെ അശോകനെയാണ് രോഗിയുടെ ബന്ധുക്കൾ മർദിച്ചത്.

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചെന്ന് പരാതി. രോഗിയെ ചികിത്സിക്കാത്ത ഡോക്ടറാണ് ആക്രമിക്കപ്പെട്ടത്. സിസേറിയനെ തുടർന്ന് കുഞ്ഞ് മരിച്ചതും അമ്മ ഗുരുതരാവസ്ഥയിലായതും ആശുപത്രിയുടെ വീഴ്ചയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

കഴിഞ്ഞ മാസം 24 ന് സിസേറിയന്‍ കഴിയുകയും രോഗാണുബാധ കാരണം ആശുപത്രിയില്‍ തുടരുകയും ചെയ്ത രോഗിയുടെ ബന്ധുക്കളാണ് ആശുപത്രിയില്‍ ആക്രമണം നടത്തിയത്. സ്കാനിങ് റിപ്പോർട്ട് വൈകിയെന്നാരോപിച്ച് തുടങ്ങിയ തർക്കം ഡോക്ടറെ മർദിക്കുന്നതിലേക്ക് എത്തി. പനി രൂക്ഷമായെത്തി ഗർഭിണിയെ നോക്കുന്നതില്‍ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതാണ് പ്രകോപിപ്പിച്ചതെന്ന് രോഗിയുടെ ബന്ധുക്കള്‍ പറയുന്നു. കുടുംബത്തിന്‍റെ ആരോപണം ചികിത്സിച്ച ഡോക്ടറും ആശുപത്രിയും പൂർണമായി തള്ളി. കുഞ്ഞിനെ രക്ഷിക്കാനാണ് അടിയന്തരമായി സിസേറിയന്‍ നടത്തിയത്. യുവതിയുടെ അണുബാധയുടെ കാരണം കണ്ടെത്തുകയും ചികിത്സ പുരോഗമിക്കുകയുമായിരുന്നതായും ഡോക്ടർ വിശദീകരിച്ചു.

സംഭവത്തില്‍ യുവതിയുടെ ഭർത്താവ് ഉള്‍പ്പെടെ ആറുപേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. വധശ്രമത്തിനൊപ്പം ആശുപത്രി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മർദ്ദിച്ചവർ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Similar Posts