'നീയാണ് ബാരിക്കേഡ് തകർത്തത്'; വാഹനം കുഴിയിൽ വീണ് പരിക്കേറ്റ വ്യക്തിക്കെതിരെ കേസ്
|കരുനാഗപ്പള്ളി സ്വദേശി അഷ്റഫിനെതിരെയാണ് പെരുമ്പടപ്പ് പൊലീസ് കേസെടുത്തത്
കോഴിക്കോട്: വാഹനം കുഴിയിൽ വീണ് പരിക്കേറ്റ വ്യക്തിക്കെതിരെ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി സ്വദേശി അഷ്റഫിനെതിരെയാണ് പെരുമ്പടപ്പ് പൊലീസ് കേസെടുത്തത്. ദേശീയപാതാ നിർമ്മാണത്തിനായി എടുത്ത കുഴിയിലാണ് അഷ്റഫും കുടുംബവും സഞ്ചരിച്ച ജീപ്പ് വീണത്. മുന്നറിയിപ്പ് ബോർഡും , സുരക്ഷാ ബാരിക്കേഡും സംഭവ സ്ഥലത്ത് ഇല്ലായിരുന്നു. സംഭവത്തിൽ നിയമനടപടിക്ക് ശ്രമിച്ച അഷ്റഫിനെതിരെ പോലീസ് കേസ് എടുക്കുകയായിരുന്നു. അഷ്റഫ് അശ്രദ്ധമായി വാഹനം ഓടിച്ചെന്നാണ് പോലീസിന്റെ വാദം.
കഴിഞ്ഞ 13ന് കച്ചേരി പടി ദേശീയപാതയിലാണ് സംഭവം. കരുനാഗപ്പള്ളിയിൽ നിന്ന് കുടുംബത്തോടൊപ്പം കണ്ണൂരിലെ പിതാവിന്റെ വീട്ടിലേക്ക് പോകുന്നതിതിനിടെയാണ് അപകടം. സംഭവ സ്ഥലത്ത് എത്തിയ അഷ്റഫ് ഇടത് വശത്തേക് തിരിയാനുള്ള ബോർഡ് കാണുകയും എന്നാൽ നേരെയുള്ള റോഡ് ബാരിക്കേഡോ മറ്റോ വെച്ച് അടച്ചതായി കാണാതിരിക്കുകയും ചെയ്തതിനാൽ അതിലൂടെ വണ്ടിയെടുക്കുകയും ചെയ്തു. തുടർന്ന് ദേശീയപാതക്കായി നിർമിച്ച രണ്ട് മീറ്ററോളം ആഴം വരുന്ന കുഴിയിലേക്ക് അഷ്റഫും കുടുംബവും സഞ്ചരിച്ച ജീപ്പ് വീഴുകയായിരുന്നു.
അപകടത്തെ തുടർന്ന് പൊലീസെത്തി അഷ്റഫിനെയും കുടുംബത്തെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തന്നെ ആശുപത്രയിലെത്തിക്കുന്നതിന് മുമ്പായി സംഭവസ്ഥലത്ത് ബാരികേഡോ മറ്റോ വെച്ചു അടക്കാൻ പൊലീസ് സംഘത്തിലുണ്ടായിരുന്ന സി.ഐയോട് അഷ്റഫ് ആവശ്യപ്പെട്ടു. അവിടെ ബാരിക്കേഡ് ഉണ്ടായിരുന്നില്ലെന്ന് സി.ഐയും നാട്ടുകാരും പറഞ്ഞതായും അഷ്റഫ് വ്യക്തമാക്കി.
എന്നാൽ പിറ്റേ ദിവസം അഷ്റഫ് സി.ഐയെ വിളിച്ചപ്പോൾ അഷ്റഫാണ് ബാരിക്കേഡ് തകർത്തതെന്ന് സി.ഐ പറയുകയായിരുന്നു. 'നീ എൻ.എച്ചിനെതിരെ കേസ് കൊടുക്കുമോ?' 'സർക്കാറിനെതിരെ കേസ് കൊടുക്കുമോ?' എന്നൊക്കെ പൊലീസുകാർ ചോദിച്ചെന്നും 'നിനക്ക് കേസ് കൊടുക്കണമെങ്കിൽ നീ കോടതിയിൽ പോയി കേസ് കൊടുത്തോ' എന്ന് പോലീസ് പറഞ്ഞുവെന്നും അഷ്റഫ് ആരോപിച്ചു.
സംഭവത്തിന് ശേഷം അഷ്റഫിനെയും കുടുംബത്തെയും കോഴിക്കോട് മെഡിക്കൽ കോളേജിലും പിന്നീട് മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. അഷ്റഫിന്റെ ഭാര്യക്കും മക്കൾക്കും സാരമായ പരിക്കുകളുണ്ട്. പോലീസ്കാരുടെ അടുത്ത് നിന്നും തനിക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ലെന്നും കോടതിയിൽ വിശ്വസിച്ച് മുന്നോട്ട് പോകുമെന്നും അഷ്റഫ് പ്രതികരിച്ചു.