പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന് കേസെടുത്തത് മോദി പ്രേമത്തിന്റെ തെളിവ്: വി.ഡി. സതീശൻ
|‘പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാണ്’
കോഴിക്കോട്: ഇലക്ടറൽ ബോണ്ട് അഴിമതിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൽപ്പേര് കളങ്കപ്പെടുത്തിയെന്ന് കാണിച്ച് കേരള പൊലീസ് കേസെടുത്തത് മോദി പ്രേമത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്തരത്തിൽ രാഷ്ട്രീയമായി ആളുകൾ ഫേസ്ബുക്കിൽ പോസ്റ്റിടുന്നത് സാധാരണ സംഭവമാണ്. ഇതിനെതിരെയാണ് കേരള പൊലീസ് കേസെടുത്തിരിക്കുന്നത്.
മോദി പ്രീണനവും പ്രേമവും ഏതറ്റം വരയെത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണിത്. തന്നെ സമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് ഒമ്പത് പരാതികളാണ് ഇതുവരെ നൽകിയത്. അതിലൊന്നും ഒരു കേസ് പോലും എടുത്തിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാണെന്ന് കേരളത്തിലെ എല്ലാ ജനങ്ങൾക്കും അറിയാം. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും നിരന്തരം ആക്ഷേപം ഉന്നയിച്ച് പിണറായി വിജയൻ ബി.ജെ.പിയെ പ്രീതിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ബി.ജെ.പിയുമായും ആർ.എസ്.എസുമായും അവർ കാര്യങ്ങൾ തീരുമാനിച്ച് ഉറപ്പിച്ചതാണ്.
ഈ അവിഹിത ബാന്ധവം ലോക്സഭാ തെരഞ്ഞെടുപ്പിലും തുടരുന്നു. യു.ഡി.എഫിനെ തോൽപ്പിക്കാൻ വേണ്ടി ചില സീറ്റുകളിൽ പരസ്പരം ധാരണയുണ്ടാക്കിയിട്ടുണ്ട്. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും തൃശൂരിലെ മേയറുമെല്ലാം ബി.ജെ.പി സ്ഥാനാർഥികളെ പുകഴ്ത്തിപ്പറയുകയാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് സോളിഡാരിറ്റി തിരുവനന്തപുരം ജില്ലാ സെക്രട്ടറി നബീല്‍ നാസറിന് എതിരെയാണ് കഴിഞ്ഞയാഴ്ച പൊലീസ് കേസ് എടുത്തത്. ഇലക്ടറല്‍ ബോണ്ട് അടക്കമുള്ളവയെ വിമര്‍ശിച്ചതിനാണ് വിദ്വേഷ പ്രചാരണമുള്‍പ്പടെയുള്ള വകുപ്പുകളിട്ട് കേസെടുത്തത്. പ്രധാനമന്ത്രിയുടെ അന്തസ് ഹനിച്ചു, സല്‍പേര് കളങ്കപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയ പരാമർശങ്ങളും എഫ്.ഐ.ആറിലുണ്ട്.