'തൊപ്പി' ഉദ്ഘാടകനായ കട ഉടമകൾക്കെതിരെ കേസ്
|ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കേസ്
മലപ്പുറം: യൂട്യൂബർ മുഹമ്മദ് നിഹാദ് എന്ന 'തൊപ്പി' ഉദ്ഘാടകനായ കട ഉടമകൾക്കെതിരെയാണ് കേസെടുത്തു. ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കേസ്. ഇന്നലെ വൈകുന്നേരമാണ് മലപ്പുറം ഒതുക്കുങ്ങലിലെ തുണിക്കട തൊപ്പി നിഹാദ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിഹാദിനെ കോട്ടക്കൽ പൊലീസ് മടക്കി അയച്ചു. നിഹാദിനെ കാണാൻ കൂടുതൽ പേർ എത്തിയതോടെയാണ് ഗതാഗത തടസ്സം ഉണ്ടായത്.
പൊതുവേദിയിൽ അശ്ലീല വാക്കുകൾ ഉപയോഗിച്ചെന്ന പരാതിയിൽ തൊപ്പിയെ നേരത്തെയും അറസ്റ്റ് ചെയ്തിരുന്നു. വളാഞ്ചേരിയിലെ ഷോപ്പ് ഉദ്ഘാടനത്തിന് അശ്ലീല പദപ്രയോഗമുള്ള പാട്ടു പാടി, ഗതാഗത തടസ്സം ഉണ്ടാക്കി എന്ന പരാതിയിലായിരുന്നു കേസ്. ഇത് കൂടാതെ അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരവും ഇയാൾക്കെതിരെ കേസുണ്ട്.
യൂട്യൂബിലൂടെ അവഹേളിച്ചുവെന്ന ശ്രീകണ്ഠാപുരം സ്വദേശി സജി സേവ്യറിന്റെ പരാതിയിലും തൊപ്പിയെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശ്രീകണ്ഠാപുരം പൊലീസ് ഇയാളെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞെന്നും കമ്പിവേലി നിർമിച്ചു നൽകി ഉപജീവനം കഴിക്കുന്ന കൊല്ലറക്കൽ സജി സേവ്യർ പരാതിപ്പെട്ടിരുന്നു. കമ്പിവേലി സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ സജി സേവ്യർ തന്റെ ഫോൺ കമ്പർ സഹിതമുള്ള ബോർഡ് സ്ഥാപിക്കാറുണ്ട്. മാങ്ങാട് ഇത്തരത്തിൽ സ്ഥാപിച്ച ബോർഡിൽ നിന്ന് സജിയുടെ നമ്പറെടുത്ത് തൊപ്പി വിളിക്കുകയും അശ്ലീലം പറയുകയുമായിരുന്നു. ഇതിന്റെ വീഡിയോ യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ തൊപ്പിയുടെ അനുയായികളായ നിരവധി പേർ തന്നെ വിളിച്ച് മോശമായി സംസാരിച്ചെന്ന് സജി പരാതിയിൽ പറഞ്ഞിരുന്നു. ജൂലൈ അഞ്ചിന് സജി സേവ്യർ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകിയത്. എസ്.എച്ച്.ഒ രാജേഷ് മാരാങ്കലത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തൊപ്പിയെ പിടികൂടിയത്.