കലോത്സവത്തിലെ ദൃശ്യാവിഷ്കാര വിവാദം; മാതാ പേരാമ്പ്രക്കെതിരെ കേസെടുത്തു
|മാതാ കേന്ദ്ര ഡയറക്ടർക്കും കണ്ടാലറിയാവുന്ന പത്തുപേർക്കുമെതിരെയാണ് കേസെടുത്തത്
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനത്തിലെ ദൃശ്യാവിഷ്കാരത്തിലെ വിവാദ വേഷ ധാരണത്തില്‍ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു.കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 4ന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ മതസ്പർധ ഐ പി സി 153 എ വകുപ്പ് ചുമത്തി പേരാമ്പ്ര മാതാ കേന്ദ്ര ഡയറക്ടർക്കും കണ്ടാലറിയാവുന്ന പത്തുപേർക്കുമെതിരെയാണ് കേസെടുത്തത്.
മുസ് ലിം വേഷം ധരിച്ചയാളെ തീവ്രവാദിയായി ചിത്രീകരിച്ച ദൃശ്യാവിഷ്കാരത്തിലെ ഭാഗം വിവാദമായിരുന്നു. ഇതില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സർക്കിള്‍ ഡയറ്കടർ അനൂപ് വി.ആർ നടക്കാവ് പൊലീസ് പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്നാണ് അനൂപ് കോടതിയെ സമീപിച്ചത്.
മാതാ പേരാമ്പ്രക്ക് വിദ്യാഭ്യാസ വകുപ്പ് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. മാതാപേരാമ്പ്ര'യെ വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികളിൽ ഇനി പങ്കെടുപ്പിക്കില്ല.സി.പി.എമ്മും ലീഗും ഉൾപ്പെടെ 'മാതാ പേരാമ്പ്ര'ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് നടന്ന അറുപത്തി ഒന്നാമത് സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ദൃശ്യാവിഷ്കാരം. മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതിൽ വ്യാപകവിമർശനം ഉയർന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലിരിക്കെ നടന്ന ദൃശ്യാവിഷ്കാരത്തിനെതിരെ ലീഗും മറ്റു മുസ്ലിം സംഘടനകളും രംഗത്തുവന്നതിന് പിന്നാലെ സിപിഎമ്മും നടപടി ആവശ്യപ്പെട്ടിരുന്നു.