കൊക്കയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്ടർ എത്തി
|ഏതെങ്കിലും തരത്തിൽ എയർ ലിഫ്റ്റിംഗ് സാധ്യമായില്ലെങ്കിൽ മറ്റു മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്
പാലക്കാട് മലമ്പുഴ ചെറാട് മലയിലെ കൊക്കയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്ടർ എത്തി. മലമ്പുഴ സ്വദേശി ബാബുവാണ് കഴിഞ്ഞദിവസം കൊക്കയിൽ കുടുങ്ങിയത്.
സംഭവ സ്ഥലത്ത് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ടെന്ന വിവരമാണ് ലഭിക്കുന്നത്. ബാബുവിന് ആദ്യം ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമമാണ് രക്ഷാ പ്രവർത്തകർ നടത്തുന്നത്. യുവാവ് കൊക്കയിൽ കുടുങ്ങിയിട്ട് 24 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. ചെങ്കുത്തായ പാറകളാൽ നിബിഡമായ പ്രദേശത്ത് ഹെലികോപ്റ്റർ ലാന്റ് ചെയ്യുകയെന്നത് ഒരിക്കലും സാധ്യമല്ല. അത്കൊണ്ട് തന്നെ ഹെലികോപ്റ്റർ ഹോൾഡ് ചെയ്തുകൊണ്ടുള്ള രക്ഷാപ്രവർത്തനമെ സാധ്യമാവുകയുള്ളൂ.
ഏതെങ്കിലും തരത്തിൽ എയർ ലിഫ്റ്റിംഗ് സാധ്യമായില്ലെങ്കിൽ മറ്റു മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. രക്ഷാ പ്രവർത്തനങ്ങൾക്കായി തൃശൂരിൽ നിന്നും എൻ.ഡി.ആർ.എഫിന്റെ ഒരു സംഘം കൂടി ഇന്ന് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. അതുപോലെ ഫയർ ഫോഴ്സ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരുടെ ഒന്നിച്ചുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്.