അനധികൃത മണ്ണെടുപ്പ് ഫോണില്‍ പകര്‍ത്തിയതിന് കോളേജ് വിദ്യാര്‍ഥിനിയെ മര്‍ദിച്ചതായി പരാതി
|വീടിന് ഭീഷണിയായ മണ്ണെടുപ്പിന്‍റെ ദൃശ്യങ്ങളാണ് പകർത്തിയത്
കൊച്ചി: മൂവാറ്റുപുഴയില്‍ മണ്ണെടുപ്പിന്‍റെ വീഡിയോ പകർത്തിയെന്ന പേരില്‍ മർദിച്ചതായി പരാതി. കാക്കൂച്ചിറ വേങ്ങപ്ലാക്കൽ ലാലുവിന്‍റെ മകൾ അക്ഷയക്കാണ് മർദനമേറ്റത്. വീടിന് ഭീഷണിയായ മണ്ണെടുപ്പിന്‍റെ ദൃശ്യങ്ങളാണ് പകർത്തിയത്.
മുഖത്ത് അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് അക്ഷയയും കുടുംബവും പൊലീസില്‍ നല്‍കിയ പരാതി. വീടിനോട് ചേർന്ന് താഴ്ഭാഗത്തായി മണ്ണെടുക്കുന്നുവെന്ന് കാട്ടി നേരത്തെ പൊലീസില്‍ സമീപവാസികള്‍ പരാതി നല്‍കിയിരുന്നു. ഇത് വീടുകള്‍ക്ക് ഭീഷണിയാണെന്നായിരുന്നു വാദം.. ഇതേത്തുടർന്ന് താത്കാലികമായി മണ്ണെടുപ്പ് നിർത്തി വെച്ചിരുന്നെങ്കിലും മണ്ണെടുപ്പ് പുനരാരംഭിച്ചതോടെയാണ് അക്ഷയ വീഡിയോ പകർത്തിയത്.
മർദനമേറ്റ അക്ഷയയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്ഷയയുടെ പരാതിയില്‍ അന്‍സാർ എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മർദിച്ചിട്ടില്ലെന്നും വീഡിയോ പകർത്തുന്നത് ചോദ്യം ചെയ്യുകയാണുണ്ടായതെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം.