സ്പീക്കര്‍ എം.ബി രാജേഷിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി
|മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോഴായിരുന്നു രാജേഷിന്റെ പരാമര്‍ശം.
നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിങ്ങിനോട് ഉപമിച്ചതിനെതിരെയാണ് പരാതി. ബി.ജെ.പി നേതാവ് അനൂപ് ആന്റണിയാണ് പരാതി നല്‍കിയത്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഭഗത് സിങ്ങിന് തുല്യനാണെന്നായിരുന്നു എം.ബി രാജേഷ് പറഞ്ഞത്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു കുഞ്ഞഹമ്മദ് ഹാജി. സ്വന്തം നാട്ടില്‍ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയ കുഞ്ഞഹമ്മദ് ഹാജി ഭഗത് സിങ്ങിന് തുല്യനാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമായിരുന്നില്ല, മലയാള രാജ്യമെന്നായിരുന്നു. പുതിയ തലമുറയെ ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിന് ചരിത്ര വായനകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ലൈബ്രറി കൗണ്‍സിലിന്റേത് മാതൃകപരമായ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.