''മൂന്ന് മാസം മോർച്ചറിയിൽ മരവിച്ച് കിടക്കേണ്ടി വരിക എന്നത് എത്രമാത്രം കഷ്ടമാണ്''; വൈകാരിക കുറിപ്പുമായി അഷ്റഫ് താമരശേരി
|''മൂന്ന് മാസമായി മോർച്ചറിയിലായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം. ഇത്രയും കാലം ആരും അന്വേഷിക്കാതെ പോയി''
മരിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും കുടുംബക്കാര്‍ അറിയാത്തതിനെ തുടര്‍ന്ന് മോര്‍ച്ചയില്‍ കിടക്കേണ്ടി വന്ന മൃതദേഹത്തെക്കുറിച്ച് വൈകാരിക കുറിപ്പുമായി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശേരി. തന്റെ കുടുംബത്തില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനായി കടൽ കടന്നെത്തിയ ഒരാള്‍ മരിച്ചിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും കുടുംബക്കാര്‍ അറിയാത്തതിനെ തുടര്‍ന്ന് മോര്‍ച്ചറിയില്‍ കിടക്കുകയായിരുന്നെന്നും പൊലീസ് ഇടപെടലിലാണ് ഇപ്പോൾ ബന്ധുക്കളെ കണ്ടത്തി മൃതദേഹം നാട്ടിലേക്ക് അയക്കുന്നതെന്നും അഷ്റഫ് താമരശേരി തന്‍റെ കുറിപ്പില്‍ പറയുന്നു.
വീട്ടുകാരോട് നല്ല ബന്ധം സൂക്ഷിക്കാതെ വരുമ്പോഴും ഇങ്ങിനെ സംഭവിക്കാമെന്നും മൂന്ന് മാസം മോർച്ചറിയിൽ മരവിച്ച് കിടക്കേണ്ടി വരിക എന്നത് ഏറെ കഷ്ടമാണെന്നും അഷ്റഫ് കുറിച്ചു.
അഷ്റഫ് താമരശേരിയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
കഴിഞ്ഞ ദിവസം മരണപ്പെട്ടവരിൽ ഒരാളുടെ അവസ്ഥ ഏറെ ദയനീയമായിരുന്നു. തന്റെ കുടുംബത്തിൻറെ മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനായി കടൽ കടന്നെത്തിയ ഈ സഹോദരൻ മരിച്ചിട്ട് മൂന്ന് മാസം പിന്നിട്ടിരുന്നു. മരണപ്പെട്ടിട്ട് കുടുംബത്തിലെ ആരും ഇതുവരെ അറിഞ്ഞിരുന്നില്ല. മൂന്ന് മാസമായി മോർച്ചറിയിലായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം. ഇത്രയും കാലം ആരും അന്വേഷിക്കാതെ പോയി. പൊലീസ് ഇടപെടലിലാണ് ഇപ്പോൾ ബന്ധുക്കളെ കണ്ടത്തി മൃതദേഹം നാട്ടിലേക്ക് അയക്കുന്നത്. ആളുകളുമായി ബന്ധം സൂക്ഷിക്കാത്തതും ഇത്തരം സംഭവങ്ങൾക്ക് കാരണമാകും. വീട്ടുകാരോട് നല്ല ബന്ധം സൂക്ഷിക്കാതെ വരുമ്പോഴും ഇങ്ങിനെ സംഭവിക്കാം. മനുഷ്യർ സാമൂഹികമായി ഇടപെട്ട് ജീവിക്കേണ്ടവരാണ്. അങ്ങിനെ സംഭവിക്കാതിരിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. മൂന്ന് മാസത്തോളം മോർച്ചറിയിൽ മരവിച്ച് കിടക്കേണ്ടി വരിക എന്നത് എത്രമാത്രം കഷ്ടമാണ്. നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയു മാറാകട്ടെ അവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ..