Kerala
കുടുംബവഴക്ക് പകയായി; മലപ്പുറത്ത് ഭാര്യയ്ക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം
Kerala

കുടുംബവഴക്ക് പകയായി; മലപ്പുറത്ത് ഭാര്യയ്ക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

Web Desk
|
5 Nov 2022 2:24 PM GMT

കുടുംബവഴക്കിനെ തുടർന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു

മലപ്പുറം: പാണ്ടിക്കാട് ഭാര്യയ്ക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. അമ്പലക്കള്ളി സ്വദേശി ഫഷാനയെയാണ് ഭർത്താവ് ഷാനവാസ് ആക്രമിച്ചത്. കുടുബ പ്രശ്‌നമാണ് ഷാനവാസിനെ ആസിഡ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഫഷാനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുടുംബവഴക്കിനെ തുടർന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഫഷാനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതിയുടെ ആക്രമണം. ഓടുപൊളിച്ചാണ് ഷാനവാസ് ഫഷാനയുടെ വീടിനകത്ത് കയറിയത്. ശബ്ദം കേട്ട് ഫഷാനയുടെ പിതാവ് പുറത്തിറങ്ങിയ സമയത്ത് ഷാനവാസ് വീടിന്റെ മേൽക്കൂരയിൽ നിൽക്കുന്നതാണ് കണ്ടത്. പിന്നീട് താഴെയിറങ്ങിയ ഷാനവാസ് വാതിൽ അകത്ത് നിന്ന് പൂട്ടുകയായിരുന്നു. ഫഷാന ആക്രമണം ചെറുക്കുന്നതിനിടെ ഷാനവാസിനും പൊള്ളലേറ്റു.

ശരീരത്തിന്റെ ഏതാണ്ട് 65 ശതമാനത്തോളം ഫഷാനയ്ക്ക് പൊള്ളലേറ്റതായാണ് വിവരം. മുഖത്തും മറ്റു ശരീരഭാഗങ്ങളിലുമാണ് പൊള്ളലേറ്റത്. ഷാനവാസിനെ പൊലീസ് കസ്റ്റഡിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാനവാസ് ഒരു കൊലപാതകക്കേസിൽ അടക്കം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. രണ്ട് വർഷം മുമ്പാണ് ഈ കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഷാനവാസിന് മാനസികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നേരത്തെ ചികിത്സ തേടിയിട്ടുമുണ്ട്.

Similar Posts