ഗുണ്ടാതലവന്റെ വീട്ടിലെ വിരുന്ന്; രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ
|ഡിവൈഎസ്പി വിരുന്നിൽ പങ്കെടുത്തത് സംബന്ധിച്ച് എറണാകുളം റൂറൽ പൊലീസ് അന്വേഷിക്കും
കൊച്ചി: എറണാകുളത്ത് ഗുണ്ടാനേതാവിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴയിലെ പൊലീസുകാർക്ക് സസ്‌പെൻഷൻ. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.ജി സാബുവിനൊപ്പം വിരുന്നിൽ പങ്കെടുത്ത രണ്ട് പൊലീസുകാരെയാണ് സസ്‌പെൻഡ് ചെയ്തത്.
ഒരു സിപിഒയ്ക്കും മറ്റൊരു പൊലീസ് ഡ്രൈവർക്കുമാണ് സസ്‌പെൻഷൻ. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയാണ് നടപടിയെടുത്തത്. ഡിവൈഎസ്പി വിരുന്നിൽ പങ്കെടുത്തത് സംബന്ധിച്ച് എറണാകുളം റൂറൽ പൊലീസ് അന്വേഷിക്കും.
ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നിലാണ് ഡിവൈഎസ്പി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തത്. ഗുണ്ട നേതാക്കളുടെ വീട് കേന്ദ്രീകരിച്ച് അങ്കമാലി സിഐയുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പരിശോധന നടന്ന് വരികയാണ്.
ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഫൈസലിന്റെ വീട്ടിൽ ഗുണ്ടകളോടൊപ്പം വിരുന്നിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഡിവൈഎസ്പിയെയും മറ്റ് മൂന്ന് പൊലീസുകാരെയും കണ്ടത്. പരിശോധനക്കെത്തിയ പൊലീസ് സംഘത്തെ കണ്ടയുടൻ ഡിവൈഎസ്പി ഒളിഞ്ഞിരിക്കുകയായിരുന്നു.
അവധിക്കുപോയി തിരിച്ചു വരുമ്പോഴാണ് ഡിവൈഎസ്പിയും സംഘവും ഗുണ്ടാ നേതാവിന്റെ വീട്ടിൽ കയറിയതെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. മുൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന സാബു അടുത്തമാസം വിരമിക്കാനിരിക്കകയാണ്.