എസ്.എം.എ ബാധിച്ച മൂന്നര വയസുകാരന്‍ ഹാഷിമിന്‍റെ ചികിത്സക്കായി സഹായം തേടി വിദേശ കുടുംബം
|അസുഖത്തിന് കേരളത്തില്‍ സൗജന്യ ചികിത്സ ലഭിക്കുമെന്ന തെറ്റിദ്ധാരണയെ തുടർന്നാണ് ഇവർ പത്തനംതിട്ടയിലെത്തിയത്
പത്തനംതിട്ട: സ്പൈനല്‍ മസ്കുലർ അട്രോഫിയെന്ന ഗുരുതര രോഗം ബാധിച്ച കുട്ടിയുടെ ചികിത്സക്ക് സഹായം അഭ്യർത്ഥിച്ച് വിദേശ കുടുംബം . അസുഖത്തിന് കേരളത്തില്‍ സൗജന്യ ചികിത്സ ലഭിക്കുമെന്ന തെറ്റിദ്ധാരണയെ തുടർന്നാണ് ഇവർ പത്തനംതിട്ടയിലെത്തിയത്. എന്നാല്‍ ചികിത്സക്കായി വന്‍ തുക വേണ്ടിവരുമെന്നറിഞ്ഞതോടെ തീർത്തും നിസഹായരായിരിക്കുകയാണ് കുട്ടിയുടെ മാതാപിതാക്കള്‍.
മൂന്നര വയസുകാരന്‍ മകന്‍ ഹാഷിമിന്‍റെ ചികിത്സക്ക് വേണ്ടിയാണ് യാസിന്‍ അഹമ്മദ് അലിയും ഭാര്യ തൂനിസും കഴിഞ്ഞ സെപ്തംബറില്‍ ലെബനനില്‍ നിന്നും ഇന്ത്യയിലെത്തിയത്. സ്വന്തം നാട്ടിലെ ആഭ്യന്തര യുദ്ധ കെടുതികള്‍ക്കിടയില്‍ മകന് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതാണ് യാത്രയുടെ കാരണം. കയ്യിലുള്ള മുഴുവന് സമ്പാദ്യവും ബന്ധുക്കളുടെ സഹായവും കൊണ്ട് ഇന്ത്യയിലെത്തിയ ഇവർ മുംബൈയിലും പൂനൈയിലുമെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സ തേടി . ആ സമയത്താണ് കുഞ്ഞിന് സ്പൈനല്‍ മസ്കുലർ അട്രോഫിയെന്ന ഗുരുതര രോഗമാണെന്നും അടിയന്തര ചികിത്സ ആവശ്യമാണന്നും കണ്ടെത്തിയത്. എന്നാല്‍ ഇതിനോടകം തന്നെ കയ്യിലുണ്ടായിരുന്ന മുഴുവന്‍ തുകയും കുട്ടിയുടെ ചികിത്സക്ക് വേണ്ടി കുടുംബത്തിന് ചെലവാക്കേണ്ടതായും വന്നു.
സ്വന്തം നിലയില്‍ നടക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ സാധിക്കാനാവാത്ത കുഞ്ഞിന് ചകിത്സ നല്കാനായില്ലെങ്കില്‍ പരമാവധി ഒരു വർഷം മാത്രമെ ആയുസുണ്ടാവുകയുള്ളുവെന്നാണ് ഡോക്ടർമാർ പറഞ്ഞത്. സിറപ്പ് രൂപത്തിലുള്ള റിസ് ഡിപ്ലാം ( RISDIPLAM ) എന്ന മരുന്നിന്‍റെ 12 ഡോസുകള്‍ കുട്ടിയുടെ ജീവന്‍ നിലനിർത്താന്‍ വേണ്ടിവരുമെന്നും ഇതിന് 54 ലക്ഷം രൂപ ചെലവാകുമെന്നും അറിഞ്ഞതോടെ യാസിനും ഭാര്യയും തീർത്തും നിസഹായരായി . ഇതിനിടയിലാണ് കേരളത്തില്‍ സൗജ്യ ചികിത്സ ലഭിക്കുമെന്നുള്ള തെറ്റിദ്ധാരണയുടെ പുറത്ത് ഇവർ പത്തനംതിട്ടയിലേക്കെത്തുന്നത്. ഏഴ് വർഷം മുന്‍പ് തങ്ങള്‍ക്കൊപ്പം യമനില്‍ ജോലി ചെയ്തിരുന്ന സുഹൃത്ത് ശ്രീജയെ ബന്ധപ്പെട്ട് ഇരുവരും കാര്യങ്ങള്‍ അറിയിച്ചു. തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ കോഴഞ്ചേരിയിലെത്തിയത്. സഹായം തേടി വീട്ടിലെത്തിയ യാസിന്‍ അഹമ്മദിന്‍റെ കുടുംബത്തിനായി ഇതിനോടകം ശ്രീജ പലരുമായും ബന്ധപ്പെട്ടു. എന്നാല്‍ വിദേശികളായ ഇവരെ സഹായിക്കാന്‍ പരിമിതകളുണ്ടെന്ന മറുപടിയാണ് എല്ലാവരില്‍ നിന്നും ലഭിച്ചത്.
കുഞ്ഞ് ഹാഷിമിന്‍റെ വിവരങ്ങളറിഞ്ഞ കൊച്ചിയിലെ സ്വകാര്യ ആശുപത്രി ആവശ്യമായി 12 ബോട്ടില്‍ മരുന്നില്‍ ആറു ബോട്ടിലുകളും സൗജന്യമായി നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ബാക്കിയുള്ള ആറ് ബോട്ടിലുകള്‍ക്കു വേണ്ടിവരുന്ന 27 ലക്ഷം രൂപ എങ്ങനെ സമാഹരിക്കുമെന്ന് ശ്രീജക്കോ ഹാഷിമിന്‍റെ മാതാപിതാക്കള്‍ക്കോ അറിയില്ല. ഡിസംബർ ആറ് വരെയാണ് യാസിന് അഹമ്മദിനും കുടുംബത്തിനും ഇന്ത്യയില്‍ തങ്ങാന്‍ വിസാ കാലാവധിയുള്ളത് . അതിനുള്ളില്‍ കുട്ടിക്ക് മരുന്നുകള്‍ നല്കി ചികിത്സ ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു കുട്ടിയുണ്ടാവാനിടയില്ലാത്ത യാസിനും തൂനിസിനും കണ്ണീരോടെ മാത്രമാവും ഈ നാട്ടില്‍ നിന്നും മടങ്ങേണ്ടി വരിക.