അമ്മക്കടുവയെയും കുഞ്ഞുങ്ങളെയും ഒന്നിച്ച് പിടികൂടാൻ ശ്രമം; ആനപ്പാറയിൽ കൂറ്റൻ കൂടെത്തിച്ചു
|ഓപ്പറേഷന്‍ റോയല്‍ സ്‌ട്രൈപ്‌സ് എന്ന പേരിലാണ് ദൗത്യം
വയനാട്: ആനപ്പാറയിൽ ജനവാസമേഖലയിലിറങ്ങിയ കടുവകളെ പിടികൂടാൻ കൂറ്റൻ കൂടെത്തിച്ചു. നാലു കടുവകളെയും ഒന്നിച്ചു പിടികൂടാന്‍ മൈസൂരില്‍ നിന്നാണ് വനംവകുപ്പ് കൂട് എത്തിച്ചത്. ഓപ്പറേഷന്‍ റോയല്‍ സ്‌ട്രൈപ്‌സ് എന്ന പേരിലാണ് ദൗത്യം.
കേരളവനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യങ്ങളിലൊന്നാണ് ഓപ്പറേഷന്‍ റോയല്‍ സ്‌ട്രൈപ്‌സ്. വൈത്തിരി പഞ്ചായത്തിലെ ജനവാസ മേഖലയിലുള്ളവർ അമ്മക്കടുവയേയും മൂന്നു കുഞ്ഞുങ്ങളേയും ഒന്നിച്ച് പിടികൂടാനാണ് ശ്രമം. മുൻപ് കര്‍ണാടകയില്‍ ഒരു കടുവയേയും രണ്ടു കുഞ്ഞുങ്ങളെയും പിടികൂടിയ മാതൃകയിൽ അമ്മക്കടുവയെയും കുട്ടികളെയും പിടികൂടാന്‍ മൈസൂരില്‍ നിന്നെത്തിച്ച കൂറ്റന്‍ കൂടും സ്ഥാപിച്ചു കഴിഞ്ഞു
ആനപ്പാറയിൽ ഒറ്റ ദിവസം മൂന്നു പശുക്കളെ കൊന്ന് 10 ദിവസം പിന്നിട്ടിട്ടും കടുവകളെ പിടികൂടാനാകാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. കാഴ്‌ചയിൽ 8 വയസോളം പ്രായമുള്ള അമ്മക്കടുവയ്ക്കും ഒരു വയസ് പ്രായമുള്ള കുട്ടികള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ പിടികൂടിയാലും കാട്ടിൽ തുറന്നു വിടേണ്ടിവരും.
ഒരു വര്‍ഷമായി കടുവകള്‍ ഈ മേഖലയിലുണ്ടെങ്കിലും സമീപദിവസങ്ങളില്‍ തുടര്‍ച്ചയായി വളര്‍ത്തു മൃഗങ്ങളെ വേട്ടയാടാന്‍ തുടങ്ങിയതോടെയാണ് പിടികൂടി ഉള്‍വനത്തിലേക്കു മാറ്റാന്‍ വനംവകുപ്പ് തീരുമാനിച്ചത്.