മീഡിയവണിനെതിരായ കേന്ദ്രത്തിന്റെ പ്രതികാര നടപടി സുപ്രിംകോടതി റദ്ദാക്കിയതില്‍ സന്തോഷം: എ.കെ ആന്റണി
|'ഇനിയും ഇതുപോലുള്ള തെറ്റായ നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള താക്കീതായി കേന്ദ്ര സര്‍ക്കാര്‍ ഈ വിധിയെ മനസ്സിലാക്കണം'
കോഴിക്കോട്: മീഡിയവണിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി സുപ്രിംകോടതി റദ്ദാക്കിയതില്‍ സന്തോഷമെന്ന് മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ തന്നെ ഇത് തെറ്റാണെന്നും പത്രസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മീഡിയവണ്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും താന്‍ പരസ്യമായി പ്രതികരിച്ചതാണെന്നും എ.കെ ആന്റണി പറഞ്ഞു.
"ഇത്തരം വിലക്കുകള്‍ നമ്മുടെ പത്രസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. അതുപോലെതന്നെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൌലികാവകശങ്ങളുടെ ലംഘനവുമാണ്. തീര്‍ച്ചയായും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ നമ്മുടെ സുപ്രിംകോടതിയെങ്കിലും സംരക്ഷിക്കാന്‍ മുന്നോട്ടുവന്നതില്‍ അതിയായ സന്തോഷമുണ്ട്. മീഡിയവണിന്റെ മാനേജ്മെന്റിന്റെയും പ്രവര്‍ത്തകരുടെയും സംഘര്‍ഷങ്ങള്‍ക്ക് ഈ സമയത്ത് പരിഹാരമുണ്ടായതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. ഇനിയും ഇതുപോലുള്ള തെറ്റായ നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള താക്കീതായി കേന്ദ്ര സര്‍ക്കാര്‍ കരുതിയാല്‍ നന്നായിരിക്കും"- എ.കെ ആന്റണി പറഞ്ഞു.