കാറ്റിലും കോളിലുമെല്ലാം ലീഗിനെ വിജയകരമായി നയിച്ചു, ആരെയും ആകർഷിക്കുന്ന വ്യക്തിത്വം: എ കെ ആന്‍റണി
|ലളിതമായ പെരുമാറ്റം കൊണ്ടും ലളിതമായ ജീവിതശൈലി കൊണ്ടും എല്ലാവരുടെയും മനസ് കീഴടക്കിയ നേതാവ്
മുസ്‍ലിം ലീഗിന്‍റെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. ലളിതമായ പെരുമാറ്റം കൊണ്ടും ലളിതമായ ജീവിതശൈലി കൊണ്ടും എല്ലാവരുടെയും മനസ് കീഴടക്കിയ നേതാവാണ് ഹൈദരലി തങ്ങളെന്ന് ആന്‍റണി അനുസ്മരിച്ചു.
"അതികായനായ എല്ലാവരും ബഹുമാനിച്ചിരുന്ന ജ്യേഷ്ഠ സഹോദന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്‍പാടിന് ശേഷം അദ്ദേഹം വഹിച്ചിരുന്ന ചുമതലയാണ് ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. മുഹമ്മദലി ശിഹാബ് തങ്ങള്‍ വഹിച്ച പദവി എത്രമാത്രം വിജയകരമായി ഇദ്ദേഹത്തിനു കൊണ്ടുപോകാന്‍ കഴിയുമെന്ന് ചിലരൊക്കെ സംശയമുന്നയിച്ചിരുന്നു. എന്നാല്‍ ആ സംശയങ്ങളൊക്കെ അസ്ഥാനത്താണെന്ന് തെളിയിച്ചുകൊണ്ട് കഴിഞ്ഞ 12 വര്‍ഷമായി ഹൈദരലി തങ്ങള്‍ കാറ്റിലും കോളിലുമെല്ലാം മുസ്‍ലിം ലീഗിനെ നയിച്ചു.
യുഡിഎഫിനും ഹൈദരലി തങ്ങള്‍ കരുത്തായിരുന്നു. മുസ്‍ലിം സമുദായത്തില്‍ തന്നെയുള്ള മറ്റ് സംഘടനകളും ഹൈദരലി തങ്ങളുടെ വാക്കുകള്‍ക്ക് വില കല്‍പ്പിച്ചു. മുസ്‍ലിം സമുദായത്തിന്‍റെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനൊപ്പം കുടുംബ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് ഇതര സമുദായങ്ങളെക്കൂടി പരിഗണിച്ച് സമുദായ സൌഹാര്‍ദത്തിനായി പരിശ്രമിച്ചു. ഹൈദരലി തങ്ങളുടെ വേര്‍പാടിലുള്ള അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു"- എന്നാണ് എ കെ ആന്‍റണി മീഡിയവണിനോട് പറഞ്ഞത്.
അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു ഹൈദരലി തങ്ങള്‍. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് അദ്ദേഹം. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളുടെ മകള്‍ സയ്യിദത്ത് ശരീഫ ഫാത്വിമ സുഹ്‌റയാണ് ഭാര്യ. സയ്യദ് നഈമലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സയ്യിദത്ത് സാജിദ, സയ്യിദത്ത് വാജിദ എന്നിവരാണ് മക്കള്‍.